കാബൂള്‍ > ഇരുപത് വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാനെ കാല്‍ചുവട്ടിലാക്കി താലിബാന് ഭീകരര്‍. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും അഫ്ഗാന് ദേശീയ പതാക മാറ്റി താലിബാന്റെ കൊടി നാട്ടി. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് താലിബാന് വക്താവ് അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ പ്രഖ്യാപനം ഉടനുണ്ടാകും.
താലിബാന് കമാന്‍ഡര്‍ മുല്ല അബ്ദുള്‍ഗനി ബറാദര്‍ പുതിയ പ്രസിഡന്റാവുമെന്നാണ് സൂചന. കൊട്ടാരത്തില്‍ താലിബാന് പ്രവേശിക്കുന്ന വീഡിയോ അല്‍ജസീറ പുറത്തുവിട്ടു. ചുറ്റിലും ആയുധധാരികളായ താലിബാന് തീവ്രവാദികള്‍ അണിനിരന്നു കൊണ്ട് താലിബാന് നോതാക്കള്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
ക്തച്ചൊരിച്ചില് ഒഴിവാക്കാനാണ രാജ്യം വിട്ടതെന്ന് തജകിസ്ഥാനില് കഴിയുന്ന പ്രസിഡന്റ് അഷ്റഫ് ഗനി അറിയിച്ചു. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ അബ്ദുള്ള അബ്ദുള്ള അടങ്ങുന്ന സംഘമാണ് സര്‍ക്കാരിനുവേണ്ടി താലിബാനുമായി ചര്‍ച്ച നടത്തുന്നത്.
തീവ്ര ഇസ്ലാമിക മതമൗലികവാദികളായ താലിബാന്റെ ഭീകരവാഴ്ച ഒരിക്കല്‍ അനുഭവിച്ച അഫ്ഗാന് ജനത വീണ്ടും ഇരുണ്ടകാലത്തേക്ക് തള്ളപ്പെടുന്നതിന്റെ ആശങ്കയിലാണ്. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന് ഭരിച്ച താലിബാന് സര്‍ക്കാരിനെ അമേരിക്കയുടെ ഉറച്ച സഖ്യരാഷ്ട്രങ്ങളായ സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനും മാത്രമാണ് അംഗീകരിച്ചിരുന്നത്.