തിരുവനന്തപുരം
കെ സുധാകരൻ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ്ചെന്നിത്തല, ആലോചിച്ചില്ലെന്ന് വി എം സുധീരൻ, അപമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി… ഡിസിസി പ്രസിഡന്റ് പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. എന്നാൽ എ ഐ ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയ പുതിയ നേതൃത്വം ഹൈക്കമാൻഡിന് നൽകിയ പട്ടിക മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. 11 ജില്ലകളിൽ ഒറ്റപ്പേരുമാത്രമാണുള്ളത്. തർക്കമുള്ള മൂന്നു ജില്ലയിലടക്കം സമവായമുണ്ടാക്കി പെട്ടെന്ന് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. ഇതിൽ ഭൂരിപക്ഷവും കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും വൈസ് പ്രസിഡന്റുമാരായ കൊടുക്കുന്നിലും ടി സിദ്ദിഖും അടക്കം പങ്കിട്ടുവെന്നാണ് എ ഐ ഗ്രൂപ്പുകളുടെ ആക്ഷേപം. വേണുഗോപാലിന്റെയും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ‘‘വി ’’ ഗ്രൂപ്പിൽ ചേരാതെ കോൺഗ്രസിൽ രക്ഷയില്ലെന്നാണ് പുതിയ അടക്കം പറച്ചിൽ. അതേസയം, പുതിയ ഗ്രൂപ്പിന്റെ നീക്കങ്ങളെ തുറന്നെതിർക്കാൻ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഇത് വരുംനാളിൽ അടി കൂടുതൽ രൂക്ഷമാക്കും.
ഡിസിസി പ്രസിഡന്റുമാരിൽ 8:6 അനുപാതമാണ് എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. രാഹുൽ ഗാന്ധിക്ക് കൈമാറിയ പട്ടികയിൽ ഇത് പരിഗണിച്ചതേയില്ല. എത്ര തർക്കമുണ്ടായാലും കോട്ടയത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും നിർദേശിക്കുന്നവർക്കായിരുന്നു ഡിസിസി കസേര. ഇത്തവണ ഇവിടെയെല്ലാം കെ സി വേണുഗോപാലിന്റെ ഇഷ്ടക്കാർ കടന്നുകൂടി.
പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിക്ക് തിരിക്കുംമുമ്പ് ഡിസിസി പ്രസിഡന്റ് പട്ടികയിൽ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ച് കരട് പട്ടിക തയ്യാറാക്കി. അന്തിമ പട്ടിക തയ്യാറാക്കുന്നതിനുമുമ്പ് വീണ്ടും ഇരിക്കാമെന്ന ഉറപ്പ് ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്ക് നൽകി. ഇത് പാലിക്കാതെ എകപക്ഷീയമായി പട്ടിക നൽകിയെന്നാണ് ഇരുവരുടെയും ആക്ഷേപം. കൊല്ലത്ത് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചയാൾ കൊടിക്കുന്നിലിന്റെ നോമിനായി കയറിപ്പറ്റിയത് ഇരു ഗ്രൂപ്പുകളെയും ഞെട്ടിച്ചു.
അനുപാതക്കണക്കില്ല , മുതിർന്ന നേതാക്കളുടെ
ചിറകരിയാൻ പദ്ധതി
തലമുറമാറ്റത്തിന്റെ പേരുപറഞ്ഞ് മുതിർന്ന നേതാക്കളുടെ ചിറകരിയാനുള്ള പദ്ധതി കോൺഗ്രസിന്റെ അകത്തളങ്ങളിൽ ഒരുങ്ങുന്നു. ഡിസിസി പ്രസിഡന്റ് പട്ടികയിൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പക്ഷക്കാർ പൂർണമായും അവഗണിക്കപ്പെടുമെന്ന് ഉറപ്പായി. ഇവരുടെ സ്വന്തം ജില്ലയിൽപ്പോലും എതിർചേരി കൈവച്ചു. ആലപ്പുഴയിൽ വേണുഗോപാലിന്റെ ഇഷ്ടക്കാരായ കെ ബാബുപ്രസാദ് പട്ടികയിലായി. കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ നിർദേശം നാട്ടകം സുരേഷ്. വേണുഗോപാലിന്റെ അടുപ്പക്കാരനായ ജോസ് സെബാസ്റ്റ്യൻ പട്ടികയിൽപ്പെട്ടു. എറണാകുളത്ത് സതീശന്റെ ഇഷ്ടക്കാരൻ മുഹമ്മദ് ഷിയാസാണ് മുന്നിൽ. മെട്രോ സിറ്റി ഐ ഗ്രൂപ്പിൽനിന്ന് പിടിച്ചുവാങ്ങിയപ്പോഴാണ് എ ഗ്രൂപ്പിന് തിരിച്ചടിയേൽക്കേണ്ടിവരുന്നത്. ഗ്രൂപ്പിന്റെ പ്രതിനിധികളായി ബി എ അബ്ദുൾ മുത്തലിബ്, ജെയസ്ൺ ജോസഫ് എന്നീ പേരുകളും അറിയിച്ചിരുന്നു. തിരുവനന്തപുരം ഐ ഗ്രൂപ്പിന്റെ ഈറ്റില്ലമാണ്. കരകുളം കൃഷ്ണപിള്ളയുടെ പേര് ചെന്നിത്തല നിർദേശിച്ചു. പട്ടികയിൽ പാലോട് രവിയുമെത്തി. ഒരു ജില്ലയിലും പരമ്പരാഗത ഗ്രൂപ്പു പ്രതിനിധികൾക്ക് ഉറപ്പില്ല. കണ്ണൂർ, പാലക്കാട്, വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ തങ്ങളുടെ ഇഷ്ടക്കാർക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാൻ പുതിയ ഗ്രൂപ്പ് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
തർക്കമുണ്ടെന്ന് കെ മുരളീധരൻ
കെപിസിസി പുനഃസംഘടനയെച്ചൊല്ലി തർക്കമുണ്ടെന്ന് പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എംപി. കോൺഗ്രസിൽ ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവർത്തകർക്കുള്ളത്. ഗ്രൂപ്പ് രഹിത നേതൃത്വം വരണം. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായി ചർച്ചനടത്തി. പുനഃ സംഘടനയിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും അഭിപ്രായം സ്വീകരിക്കണമെന്നും മുരളി വാർത്താലേഖകരോട് പറഞ്ഞു.
പട്ടിക തയ്യാറാക്കൽ അറിഞ്ഞില്ലെന്ന് സുധീരൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക സംബന്ധിച്ച് ഒന്നും അറിഞ്ഞില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. സാധ്യതാപട്ടിക കൈമാറിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സുധീരൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
പട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്റോ ഉത്തരവാദപ്പെട്ടവരോ ആശയവിനിമയം നടത്തിയിട്ടില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിനുമുമ്പ് ചേർന്ന നേതൃയോഗത്തിൽനിന്ന് താനുൾപ്പെടെയുള്ള മുൻ കെപിസിസി പ്രസിഡന്റുമാരിൽ പലരും ഒഴിവാക്കപ്പെട്ടതായും സുധീരൻ കുറ്റപ്പെടുത്തി.















