കോഴിക്കോട്
‘ഉന്നത നേതാക്കളുടെ അസൗകര്യം കാരണം’ തുടർച്ചയായി മാറ്റിവയ്ക്കുന്നുവെന്ന ആക്ഷേപമുയർന്നതിനൊടുവിൽ മുസ്ലിംലീഗ് ഉപസമിതി യോഗംചേരാൻ തീരുമാനം. ബുധനാഴ്ച പകൽ 11ന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനം ഉയർന്നതിന്റെ തുടർച്ചയായിരുന്നു ഉപസമിതി രൂപീകരണം. സംസ്ഥാന ഭാരവാഹി യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിലായിരുന്നു നേതാക്കൾ കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞത്.
ഒടുവിൽ പരിഷ്കരണത്തിനും തോൽവി പഠിക്കാനുമായി പത്തംഗ സമിതി രൂപീകരിച്ചു. എന്നിട്ടും ലീഗിലെ തർക്കവും ഗ്രൂപ്പിസവും നിലച്ചതേയില്ല. ഒരു മാസം കഴിഞ്ഞിട്ടും സമിതിക്ക് ചേരാനുമായില്ല. ഇതിനിടെ പാണക്കാട് മുഈൻ അലി തങ്ങളും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തി. പ്രതിസന്ധി രൂക്ഷമായത് തിരിച്ചറിഞ്ഞ നേതൃത്വം സമിതി യോഗം മാറ്റി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ ‘ഹരിത’വിഭാഗം നേതാക്കൾ വനിതാകമീഷന് പരാതി നൽകിയതാണ് പുതിയ പൊല്ലാപ്പ്. ഇതിൽ ഹരിതയെ വെട്ടാനാണ് നേതൃതല നീക്കം. പരസ്യ വിമർശനങ്ങളും തൊഴുത്തിൽകുത്തും തുടർച്ചയായി പുറത്തായിട്ടും യോഗം ചേരാത്തതിനെച്ചൊല്ലി പ്രവർത്തകർക്കിടയിലും മുറുമുറുപ്പ് ഉയർന്നു. അതോടെ നേതൃത്വം യോഗം വിളിക്കാൻ നിർബന്ധിതമായി. യോഗത്തിൽ എല്ലാം ചർച്ചചെയ്യുമെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
കഴിഞ്ഞ യോഗത്തിലേതിന് സമാന വിമർശനങ്ങൾ, തുടർ തീരുമാനങ്ങൾ എന്നതാകും കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം യോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം. നേതൃമാറ്റമാണ് ലക്ഷ്യം. ഉപസമിതിക്ക് ശേഷമുള്ള സംസ്ഥാന പ്രവർത്തകസമിതി ചേരുമ്പോൾ ഇത് ചർച്ചയാക്കാമെന്ന വിശ്വാസത്തിലാണവർ. തിരിച്ചടിക്കാൻ കുഞ്ഞാലിക്കുട്ടി വിഭാഗവും സജീവമാകുന്നുണ്ട്. എംഎസ്എഫ് ഹരിത നേതാക്കൾക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണ്. ഉപസമിതി അംഗങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമമുണ്ട്.