തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ 22-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കാനുളള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വൈദ്യുതി മേഖലയുടെ പിന്തുണ അത്യാവശ്യമാണെന്നും എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് വൈദ്യുതി മേഖലയിൽ കേന്ദ്ര ഗവൺമെന്റ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സേവന മേഖലയിൽ നിന്നും കേന്ദ്ര ഗവൺമെന്റ് പിൻമാറി, പൊതു മേഖലയെ ഒന്നാകെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനത്തെ തകർത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമാണ് കേന്ദ്ര ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്നത് .വൈദ്യുതി മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ടുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ നടപ്പിലാക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. വൈദ്യുതി വിതരണം ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾക്ക് പുതിയ വൈദ്യുതി ശ്യംഖല സൃഷ്ടിക്കേണ്ട ആവശ്യമില്ല. പൊതു മേഖലയിലെ പണം ഉപയാഗിച്ച് സൃഷ്ടിച്ച വൈദ്യുതി വിതരണ ശ്യംഖല സ്വകാര്യ കുത്തകകൾക്ക് യഥേഷ്ടം ഉപയോഗിച്ച് ലാഭമുണ്ടാക്കാനുള്ള സാഹചര്യമാണ് കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത് .വൈദ്യുതി റഗുലേറ്ററി കമ്മീഷനുകൾക്ക് കടിഞ്ഞാണിട്ട് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുളള അവകാശം പോലും കേന്ദ്ര ഗവൺമെന്റ് ഏറ്റെടുക്കുകയാണ്. ഇത് ഫെഡറലിസത്തിനു നേരെയുള്ള കടന്നുകയറ്റമാണ്.
കേരളത്തിൽ നാളിതു വരെ വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാതിരുന്നത് ഇടതുപക്ഷ ഗവൺമെന്റുകളുടെ ഇച്ഛാശക്തി കൊണ്ടും വൈദ്യുതി ബോർഡിലെ ജീവനക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാട് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്താണ് വൈദ്യുതി വിതരണ നഷ്ടം 8% ആക്കി ക്കുറച്ച് കേരളത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കി മാറ്റിയത്. ഇടമൺ – കൊച്ചി പവർ ഹൈവേ നിർമ്മാണവും ,360 മെഗാവാട്ട് പുനരുപയോഗ വൈദ്യുതി പദ്ധതികളുടെ പൂർത്തീകരണവും കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റിന്റെ നേട്ടമാണ്.
ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായ പ്രവർത്തന ശൈലി സ്വീകരിക്കാൻ ജീവനക്കാർ തയ്യാറാകണം. വൈദ്യുതി മേഖലയിൽ അത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. അത് പൂർണ്ണമാക്കാൻ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രവർത്തനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജെ സത്യരാജൻ അധ്യക്ഷത വഹിച്ചു.
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം- മന്ത്രി കെ.കൃഷ്ണൻകുട്ടി
നിർദിഷ്ട വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള എല്ലാ പഴുതുകളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 2003 ൽ വൈദ്യുതി നിയമം പ്രാബല്യത്തിൽ വന്ന നാൾ മുതൽ അതിനുള്ള നീക്കങ്ങൾ സജീവമായിരുന്നു. ലോകരാജ്യങ്ങളിലെ 70% വിതരണ കമ്പനികളും പൊതുമേഖലയിലാണ് നിലനിൽക്കുന്നത്. വൈവിധ്യമാർന്ന സംസ്കാരവും സാമ്പത്തിക അസന്തുലിതാവസ്ഥയുമുള്ള നമ്മുടെ രാജ്യത്ത് വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവൽക്കരണം പ്രായോഗികമല്ല എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ 22 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കേണ്ടതുണ്ട്. ലാകരമായ എല്ലാ ജലവൈദ്യുതി പദ്ധതികളും ഉപയോഗപ്പെടുത്തണം. സൗരവൈദ്യുതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കെ എസ് ഇ ബി, ഇ എം സി, അനർട്ട് എന്നീ വകുപ്പുകൾ സംയുക്തമായി കേരള ഹരിത ഊർജ്ജ മിഷൻ എന്ന പുതിയ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വരുന്ന 5 വർഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച് കെ എസ് ഇ ബി യെ മികച്ച വൈദ്യുതി സ്ഥാപനമാക്കി മാറ്റാൻ പ്രയത്നിക്കണമെന്നും മന്ത്രി പറഞ്ഞു.