കൊല്‍ക്കത്ത > ബിജെപിയുടെ വർഗീയ അജൻഡയ്ക്കും തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തിനുമെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി മുന്നോട്ടുപോകുമന്ന് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍നിന്ന് പാഠം ഉൾക്കൊണ്ട് പാർടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കർമപദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.
വർഗാടിസ്ഥാനത്തില്‍ ബഹുജനസംഘടന ശക്തമാക്കി ജനകീയ പ്രക്ഷോഭത്തിലൂടെ മുന്നേറും. ഇതിനായി ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളായ എല്ലാവിഭാഗത്തെയും അണിനിരത്തി വിപുലമായ ജനകീയവേദി സൃഷ്ടിക്കും. ബ്രാഞ്ച് തലംമുതല്‍ പാർടി പുനസംഘടിപ്പിക്കും. പല കാരണത്താല്‍ അകന്ന ജനവിഭാഗത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തും. പാർടി കോണ്‍ഗ്രസിന് മുന്നോടിയായ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് സെപ്തംബർ ഒന്നിന് തുടക്കമാകും. കൊല്‍ക്കത്തയില്‍ രണ്ടുദിവസമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.