തിരുവനന്തപുരം> ഗോത്രവർഗ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനായി സർക്കാർ നടപ്പാക്കിയ ട്രൈബൽ പ്ലസ് പദ്ധതിയിൽ 29,252 കുടുംബത്തിന് തൊഴിൽ നൽകിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. 2020–-21ൽ 9,56,123 തൊഴിൽ ദിനം സൃഷ്ടിച്ചു. ശരാശരി തൊഴിൽ ദിനം 90.47 ശതമാനമാണ്. ഇത് ദേശീയ തലത്തിൽ 58.99 ശതമാനം മാത്രമാണ്. തൊഴിലാളികൾക്കുള്ള കുടിശ്ശികയിൽ 14 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു.
വന്യജീവി ആക്രമണ നഷ്ടപരിഹാരം പരിഷ്കരിക്കും
തിരുവനന്തപുരം>
വന്യജീവികൾ കാർഷികവിളകൾ നശിപ്പിക്കുമ്പോൾ കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം കാലോചിതമായി പരിഷ്കരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര മാനദണ്ഡമനുസരിച്ചാണിത് നിശ്ചയിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള സ്വകാര്യ എസ്റ്റേറ്റുകൾ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് സ്വാഭാവിക വനങ്ങളാക്കും. ആദ്യഘട്ടത്തിൽ 13 എസ്റ്റേറ്റ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
‘ശുചിത്വ സാഗരം’ കൂടുതൽ ഇടത്ത്
തിരുവനന്തപുരം> നീണ്ടകര ഫിഷിങ് ഹാർബറിൽ നടപ്പാക്കിയ ‘ശുചിത്വ സാഗരം പദ്ധതി’ മറ്റ് മത്സ്യബന്ധന തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകളും മറ്റു പാഴ്വസ്തുകളും ഹാർബറുകളിൽ എത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. ഹാർബർ മോണിറ്ററിങ് കമ്മിറ്റി എംഎൽഎമാരുടെ നേതൃത്വത്തിൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.