അടുത്ത തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും ആരോഗ്യമന്ത്രി വീണാ ജോർജ്, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മന്‍സുഖ് മാണ്ഡവ്യയ്ക്കൊപ്പം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എൻസിഡിസി മേധാവി ഡോ. എസ് കെ സിങ്ങ് എന്നിവരുണ്ടാകും.
നിലവിലെ കൊവിഡ് കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ടിപിആർ നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. വാക്സിൻ സ്വീകരിച്ചചരിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ എത്തുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ കേന്ദ്ര സംഘം പങ്കുവയ്ക്കും. കേരളത്തിലെ സന്ദർശനത്തിന് പിന്നാലെ കേന്ദ്ര സംഘം അസം സന്ദർശിക്കും.
അതേസമയം, കേരളത്തിൽ ഇന്ന് 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 18,394 ആയി. 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 34,53,174 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.