തിരുവനന്തപുരം: മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു. കരകുളം നെല്ലിവിളയിലാണ് സംഭവം. കരകുളം മുല്ലശ്ശേരി സരിത (42) ആണ് വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവർ. കരകുളം നെല്ലിവിള പത്മവിലാസത്തിൽ വിജയമോഹനൻ നായർ (മണിയൻ-64) ആണ് യുവതിയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ചയാണ് സരിതയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
സരിതയെ ആക്രമിച്ച ശേഷം വിജയമോഹനൻ നായർ ഡീസൽ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹനന്റെ വീട്ടിലെത്തി മകളാണെന്ന് അവകാശപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻ നായർ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടും വീടിന് മുൻപിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ടിട്ടും പിൻമാറിയില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന മൺവെട്ടിയുടെ കൈ ഉപയോഗിച്ച് വിജയമോഹനൻ നായർ സരിതയുടെ തലയ്ക്ക്അടിച്ചു.
സരിതയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനൻ നായർ ഓട്ടോറിക്ഷയിൽ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി കൈയ്യിൽ കരുതിയിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലുള്ള സിറ്റൗട്ടിൽ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുള്ള വിരോധത്തിന്റെ പേരിൽ സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: young women who have been injured by a old aged man dead