കൊച്ചി > ജലയാത്രയുടെ സൗന്ദര്യം നുകന്നുള്ള യാത്രയ്ക്ക് അവസരമൊരുക്കുന്ന വാട്ടർ മെട്രോയുടെ കടൽ പരീക്ഷണം അവസാന ഘട്ടത്തിൽ. കൊച്ചി കപ്പൽശാലയിലാണ് ആദ്യ ബോട്ടിന്റെ കടൽപരീക്ഷണം പുരോഗമിക്കുന്നത്. ഇത് പൂർത്തിയായ ശേഷം മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) ബോട്ട് കൈമാറും.
കൊച്ചി കപ്പൽശാലയിൽ നിർമിച്ച ഈ ഹൈബ്രിഡ് ബോട്ടിൽ 100 പേർക്ക് യാത്ര ചെയ്യാം. ബോട്ടിന്റെ ഇലക്ട്രിക് പരിശോധനകൾ പൂർത്തിയായിരുന്നു. പ്രവർത്തനശേഷി പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. വൈറ്റില–-കാക്കനാട് റൂട്ടിലാണ് ആദ്യ സർവീസ് ആരംഭിക്കുക. വാട്ടർ മെട്രോയിൽ 20 മിനിറ്റുകൊണ്ട് വൈറ്റിലയിൽനിന്ന് കാക്കനാട് എത്താം.
ആദ്യഘട്ടത്തിൽ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂർത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉൾപ്പെടെ 16 എണ്ണത്തിന്റെ നിർമാണം പുനരാരംഭിച്ചു. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ഏഴ് ജെട്ടികളുടെ നിർമാണത്തിന് മരട്, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട് വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനമായിട്ടുണ്ട്.
വാട്ടർ മെട്രോയിലെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റർവരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വർധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.