കണ്ണൂർ> ഒളിമ്പിക് മെഡൽ നേടിയ പി ആർ ശ്രീജേഷിനായുളള ആരവങ്ങൾക്കിടയിൽ മലയാളികൾ കാണാതെ പോയത് ആദ്യ മെഡലിസ്റ്റിന്റെ ജീവിതം. ശ്രീജേഷ് വെങ്കലം നേടിയപ്പോഴാണ് ഹോക്കിയിൽ നേരത്തെ മെഡൽ നേടിയ കേരളീയനെ പലരും അറിഞ്ഞത്. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവൽഭടനായി 49 വർഷംമുമ്പ് വെങ്കലം നേടിയ മാനുവൽ ഫെഡറിക്സെന്ന കണ്ണൂർക്കാരന് എന്നും അവഗണനയായിരുന്നു. ജന്മനാടായ പയ്യാമ്പലം ബീച്ച് റോഡിന് മാനുവലിന്റെ പേര് നൽകണമെന്ന് കോർപറേഷന് തോന്നിയതുപോലും ഇപ്പോഴാണ്.
ഫയൽ ഫോട്ടോ
1972ലെ മ്യൂണിക് ഒളിമ്പിക്സിലാണ് വെങ്കലമെഡൽ നേടിയത്. അന്ന് കേന്ദ്രവും കേരളവും ഭരിച്ചത് കോൺഗ്രസ്. പാരിതോഷികംപോട്ടെ, സ്വീകരണംപോലും സർക്കാർ ഒരുക്കിയില്ല. ജന്മനാട്ടിൽ ലഭിച്ചത് ചായസൽക്കാരം. സർവീസസ് താരത്തിന് പട്ടാളം നൽകിയത് 2000 രൂപയുടെ സമ്മാനവും ചെറിയ പ്രമോഷനും.
1979ൽ, ഇരുപത്തെട്ടാം വയസ്സിൽ പട്ടാളംവിട്ട മാനുവൽ ഫെഡറിക്സ് ജോലിക്കും വീടിനും അലഞ്ഞു. 1994ൽ ‘ദേശാഭിമാനി’യാണ് അദ്ദേഹത്തിന്റെ ദൈന്യം പുറംലോകത്തെ അറിയിച്ചത്. 21ാം വയസ്സിൽ മെഡലണിഞ്ഞിട്ടും ‘ഒളിമ്പ്യനാ’യില്ല. ടീമിലെ എട്ടുപേരെ അർജുന അവാർഡും രണ്ടുപേരെ പത്മശ്രീയും നൽകി ആദരിച്ചപ്പോഴും ‘ടൈഗറി’നെ മറന്നു.21 അന്താരാഷ്ട്ര ടൂർണമെന്റിൽ ഗോൾവലയം കാത്ത താരത്തിന്റെ വെങ്കലത്തിന് തിളക്കമില്ലാതെ പോയി.
കെ പി നൂറുദ്ദീൻ കായികമന്ത്രിയായിരിക്കെ ജോലിക്കപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. സ്പോർട്സ് കൗൺസിൽ 600 രൂപ അലവൻസിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു. മെച്ചം ബംഗളൂരു എച്ച്എഎല്ലിലെ കൂലിപ്പണിയാണെന്നായിരുന്നു മാനുവലിന്റെ നിലപാട്.
കോൺഗ്രസ് പ്രാദേശിക നേതാവായ സഹോദരീ ഭർത്താവ് ആൻഡ്രൂസ് നിരന്തരം ഇടപെട്ടിട്ടും നീതി ലഭിച്ചില്ല. ഉമ്മൻചാണ്ടി സർക്കാർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു. സമ്മർദത്തെ തുടർന്ന് 2015ൽ പയ്യാമ്പലത്ത് രണ്ടിടത്ത് അനുവദിച്ച ഭൂമിയും നിർമാണ അനുമതിയില്ലാത്തതായിരുന്നു. പട്ടയം നൽകുന്ന ചടങ്ങിലും ഒളിമ്പ്യനെ അപമാനിച്ചു. അഞ്ജു ബോബി ജോർജായിരുന്നു അന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്.
വീടു നൽകിയത് എൽഡിഎഫ്
കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് 2019ൽ കണ്ണൂർ പയ്യാമ്പലത്ത് സ്ഥലം ഏറ്റെടുത്ത് വീട് നിർമിച്ചു നൽകിയത്. 40 ലക്ഷം ചെലവിൽ ആധുനിക സൗകര്യമുള്ള മനോഹരമായ ഇരുനില വീട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സെന്റിന് 15 ലക്ഷം വിലയുള്ള അഞ്ചു സെന്റ് ഭൂമിയാണ് സർക്കാർ നൽകിയത്.
കായികമന്ത്രി ഇ പി ജയരാജൻ ഇടപെട്ട് പത്തുമാസത്തിനകം വീട് പൂർത്തിയാക്കി. വാക്കുപറഞ്ഞാൽ പാലിക്കുന്നൊരു സർക്കാരുണ്ടെന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്നായിരുന്നു മാനുവലിന്റെ പ്രതികരണം.