തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയ മന്ത്രി വീണാജോർജ് ഇന്ന് അത് തിരുത്തി. സംഭവം വിവാദമായതിന് പിന്നാലെ തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
ഡോക്ടർമാർക്കെതിരായ ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് തിരുത്തലിലുള്ളത്. മറ്റുവിശദാംശങ്ങളൊന്നും മന്ത്രിയുടെ പുതിയ മറുപടിയിൽ ഇല്ല.
സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി വാക്കാൽ തിരുത്തിയിരുന്നു.. മറുപടി തയ്യാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.
ഇതിനിടെ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിൽ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉയർന്നു. സേവനം നടത്തുകയും തല്ല് വാങ്ങിക്കുകയുമല്ല ഈ കാലഘട്ടത്തിൽ ഒരു ഡോക്ടർക്ക് ലഭിക്കേണ്ട നീതി. ആരും അംഗീകാരം തരേണ്ടതില്ല. ഉപ്രദിക്കാതിരുന്നാൽ മതി. സംരക്ഷണം നൽകാൻ സർക്കാരിന് പറ്റുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി നോക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ പറഞ്ഞു.
ആറിടങ്ങളിലാണ് സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ ആക്രമണങ്ങളുണ്ടായതെന്നാണ് ഐഎംഎ പറയുന്നത്. ഇതെല്ലാം സംഭവിച്ചത് വീണാ ജോർജ് മന്ത്രിയായിരിക്കുമ്പോഴാണ്. എന്നിട്ട് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയായില്ലെന്നും ഐഎംഎ വിമർശിച്ചു. രണ്ടു തവണ ആരോഗ്യ മന്ത്രിയേയും ഒരു തവണ മുഖ്യമന്ത്രിയേയും നേരിട്ടു കണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ പോലീസ് വലിയ അലംഭാവം കാണിക്കുകയാണെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ഈ രീതിയിൽ ആക്രമണം തുടരുകയാണെങ്കിൽ വാക്സിനേഷൻ അടക്കം നിർത്തിവെക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകി.