തിരുവനന്തപുരം
ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന സങ്കൽപ്പം പ്രാവർത്തികമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിക്ഷേപകന് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നടപടി സ്വീകരിക്കും. പദ്ധതി തയ്യാറാക്കുന്നതുമുതൽ സംരംഭം ആരംഭിക്കുന്നതുവരെയുള്ള നടപടിക്രമം ലഘൂകരിക്കാനും സഹായസഹകരണവും മാർഗനിർദേശവും നൽകാനും വ്യവസായവകുപ്പ് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് ഓൺലൈനായി സംഘടിപ്പിച്ച പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, വ്യവസായ-വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്യം, കാർഷിക സർവകലാശാല വിസി ഡോ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. വ്യവസായ -വാണിജ്യ ഡയറക്ടറേറ്റ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, കാർഷിക സർവകലാശാല എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ വെള്ളിയാഴ്ച സമാപിക്കും.