തിരുവനന്തപുരം
നൂറുമീറ്റർ പരിധിയിൽ അഞ്ചിൽ കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ അവിടം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കും. അവിടെ മപ്പൂട്ടും ഏർപെടുത്തും. കോവിഡ് പ്രതിരോധത്തിന് വീടും ഓഫീസും ഉൾപ്പെടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ പുതുക്കി. നിലവില് വാര്ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.
തെരുവ്, മാർക്കറ്റ്, ഹാർബർ, മത്സ്യബന്ധന ഗ്രാമം, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയർഹൗസ്, വർക്ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിർവചനത്തിൽ വരും.
ഏഴു ദിവസമാണ് നിയന്ത്രണം. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയിലാകും നിയന്ത്രണം. പരിധിയിലെ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. സോണുകളിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങൾ ആരോഗ്യവകുപ്പ് പകൽ മൂന്നിനു മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സെക്ടറൽ മജിസ്ട്രേട്ടുമാർ തുടർച്ചയായി പട്രോളിങ് നടത്തും. കോവിഡ് –-19 ജാഗ്രതാ പോർട്ടലിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടികയുണ്ടാകും.