കൊച്ചി
കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറന്ന് ആരാധന നടത്താൻ വികാരിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിന് പൊലീസ് മേധാവി മേൽനോട്ടം വഹിക്കണം. ആറാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
1934ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. എ വി വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിർദേശം. ആരാധനയ്ക്ക് തടസ്സമുണ്ടാകരുതെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും കോടതി നിർദേശിച്ചു. തടസ്സമുണ്ടാക്കിയാൽ വീഡിയോയിൽ പകർത്തി ബന്ധപ്പെട്ട കോടതിക്ക് കൈമാറണം. പ്രതികൾക്കെതിരെ എടുക്കുന്ന കേസുകൾ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണം. കോടതിയിൽ ഹാജരാക്കുമ്പോൾ ഹൈക്കോടതിയുടെ ഉത്തരവും മജിസ്ട്രേട്ടിന് കൈമാറണമെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഉത്തരവിന്റെ അന്തസ്സത്ത പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
ക്രമസമാധാനപ്രശ്നത്തിന്റെ പേരിൽ രണ്ടുവർഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തത് നാണക്കേടാണ്. കലക്ടറുടെയും പൊലീസ് മേധാവിയുടെയും നിലപാട് ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ അറിയിച്ചു.