തിരുവനന്തപുരം
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലി (സിഎജി)ന് കീഴിലെ അക്കൗണ്ടന്റ് ജനറൽ (ഏജിസ്) ഓഫീസുകളിലും പരിശീലന കേന്ദ്രങ്ങളിലും വിരമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏജിസ് ഓഫീസുകളിലെ ഓഡിറ്റ്, അക്കൗണ്ട്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് സുപ്പർവൈസർമുതൽ ഓഡിറ്റ് അക്കൗണ്ടന്റ്വരെയുള്ള തസ്തികകളിലാണ് നിയമനം. പരിശീലന കേന്ദ്രങ്ങളിൽ എല്ലാ തസ്തികയിലും വിരമിച്ചവരെ നിയമിക്കും. ഇതിനായി അസിസ്റ്റന്റ് സിഎജി സുപ്രിയ സിങ് രഹസ്യ സർക്കുലർ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. മൂന്നിനാണ് ഡൽഹിയിലെ സിഎജി ആസ്ഥാനത്തുനിന്ന് സർക്കുലർ അയച്ചത്. ഇവ പുറത്ത് നൽകരുതെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏജീസ് ഓഫീസുകളിലെ നൂറുകണക്കിന് ഒഴിവുകൾ വർഷങ്ങളായി യുപിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. ഇതിലാണ് വിരമിച്ചവരെ നിയമിക്കുന്നത്. ഒന്നുമുതൽ അഞ്ച്വർഷംവരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇങ്ങനെ നിയമിക്കുന്നവർക്ക് ഫയലുകളിൽ ഒപ്പിടാൻ അനുമതിയില്ല. ഇവർ തയ്യാറാക്കുന്ന ഫയലുകളിൽ ഒപ്പിടേണ്ടത് മറ്റ് ഉദ്യോഗസ്ഥരാകും. അവ പലർക്കും കുരുക്കാകുമെന്ന വിമർശം ഉയർന്നു.
ഭരണഘടനാ സ്ഥാപനമായ സിഎജിക്ക് കീഴിലും അപ്രഖ്യാപിത നിയമന നിരോധനമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഉദ്യോഗാർഥികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ബിജെപിയാണ് നിരവധി യുവാക്കളുടെ സ്വപ്നം തകർക്കുന്ന നടപടിയെടുക്കുന്നത്.