തിരുവനന്തപുരം
വിദ്യാശ്രീ പദ്ധതിയിൽ ലാപ്ടോപ്പിന് കരാർ നൽകിയത് മാനദണ്ഡം പാലിച്ചാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പദ്ധതിയിൽ 62480 പേരാണ് കുടുംബശ്രീവഴി ലാപ്ടോപ്പിന് അപേക്ഷിച്ചത്. 4845 അപേക്ഷ കൊക്കോണിക്സിനായിരുന്നു. ഇതിൽ 2850 എണ്ണം നൽകി. 461 എണ്ണം മാറ്റിനൽകി. 57 എണ്ണം താമസിയാതെ മാറ്റി നൽകും. മറ്റ് കമ്പനികൾ കരാറിൽ പറഞ്ഞ സമയത്ത് മുഴുവൻ ലാപ്ടോപ്പും ലഭ്യമാക്കിയില്ല. കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഗുണഭോക്താക്കൾക്ക് നേരിട്ട് വാങ്ങാനുള്ള സംവിധാനം ഒരുക്കിയത്. വായ്പ 20,000 രൂപയാക്കി വർധിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഇവ വാങ്ങേണ്ടത്. കെൽട്രോണിന്റെ നേതൃത്വത്തിൽ കൊക്കോണിക്സ് ആരംഭിച്ചത് പൊതു-സ്വകാര്യ സംരംഭമായാണ്. പോരായ്കൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമമെന്നും മന്ത്രി മറുപടി പറഞ്ഞു.
ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കും: ധനമന്ത്രി
നികുതി സമാഹരണം ശക്തമാക്കാൻ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പുതിയ സാഹചര്യം നേരിടാൻ വകുപ്പിനെ ശാക്തീകരിക്കും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കിയിട്ടുണ്ടെന്നും ധന ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
ഇ–-വേ ബില്ലിന്റെ മറവിൽ നികുതി വെട്ടിപ്പ് നടത്തുന്നെന്ന ആക്ഷേപത്തിൽ ശക്തമായ നടപടിയുണ്ടാകും. ഓൺലൈൻ മാർക്കറ്റിങ് രീതികളിലും നികുതി വെട്ടിപ്പ് ഒഴിവാക്കാൻ ഇടപെടലുണ്ടാകും. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്നത്തിന് എക്സൈസ് നിയമത്തിലടക്കം മാറ്റം പരിഗണിക്കും. നീര ഉൽപ്പാദന കമ്പനികളുടെ ബാധ്യത എഴുതിത്തള്ളുന്നത് പ്രായോഗികമല്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങിയവ പരിഗണിക്കും.
പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾവഴി മൂലധന നിക്ഷേപം നടത്താൻ പ്രഖ്യാപിച്ച പദ്ധതിയിൽ നിയമസഭാ മണ്ഡലത്തിൽനിന്ന് ഒരു സംഘത്തെയെങ്കിലും ഉറപ്പാക്കും. നാലുശതമാനം പലിശ ബാധ്യത സർക്കാർ വഹിക്കും. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടണമെന്നതിൽ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.