കൊച്ചി
ഹോക്കിയിലെ കേരളത്തിന്റെ രണ്ട് സുവർണ താരങ്ങളുടെ സംഗമം. ടോക്യോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് പി ആർ ശ്രീജേഷും 1972 മ്യൂണിക് ഒളിമ്പിക്സിലെ വെങ്കല നേട്ടക്കാരൻ മാനുവൽ ഫ്രെഡറിക്കുമാണ് കണ്ടുമുട്ടിയത്. 49 വർഷത്തിന്റെ ഇടവേള രണ്ട് ഗോൾ കീപ്പർമാർക്കും ഇടയിലുണ്ടായില്ല. ഒരുനിമിഷം അവർ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്ന കളിക്കാരായി മാറി.
മാനുവൽ ഫ്രെഡറിക്കിന്റെ വെങ്കലമെഡൽ പി ആർ ശ്രീജേഷ് കൈയിലെടുത്തു. ശ്രീജേഷിനെ കണ്ടപ്പോൾ ഫ്രെഡറിക് മ്യൂണിക്കിലെ ആ പഴയ ഇരുപത്തഞ്ചുകാരനായി മാറി. വിപിഎസ് ഹെൽത്ത് കെയർ എംഡി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹസമ്മാനം പി ആർ ശ്രീജേഷിന് നൽകുന്ന ചടങ്ങിലായിരുന്നു ഈ സംഗമം. മാനുവൽ ഫ്രെഡറിക് ആ ചടങ്ങ് നിർവഹിച്ചു. ഫ്രെഡറിക്കിന് ഡോ. ഷംഷീർ വയലിൽ 10 ലക്ഷം രൂപ സ്നേഹസമ്മാനമായി നൽകി.
1972 ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിലെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്. മാനുവൽ ഫ്രെഡറിക്കിനെ വേദിയിലെത്തിക്കാനും ആദരിക്കാനുമുള്ള തീരുമാനം മഹത്തരമാണെന്ന് ശ്രീജേഷ് പറഞ്ഞു. ആദരത്തിന് മാനുവൽ ഫ്രെഡറിക്കും നന്ദി അറിയിച്ചു.