ലോർഡ്സ്
ഓപ്പണർമാരുടെ കരുത്തിൽ ലോർഡ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 204 റണ്ണെന്ന നിലയിലാണ്. ഓപ്പണർമാരായ ലോകേഷ് രാഹുലിന്റെയും (183 പന്തിൽ 84*) രോഹിത് ശർമയുടെയും (145 പന്തിൽ 83) ഇന്നിങ്സുകളാണ് ഇന്ത്യയെ തുണച്ചത്. രോഹിതിനെ കൂടാതെ ചേതേശ്വർ പൂജാരയുടെ (9) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മഴകാരണം വെെകിയായിരുന്നു കളി തുടങ്ങിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. പേസർമാർക്ക് മുൻതൂക്കമുള്ള പിച്ചിൽ രോഹിത് ഇന്ത്യയെ കാത്തു. രാഹുൽ കരുതലോടെ ബാറ്റ് വീശിയപ്പോൾ രോഹിത് വേഗത്തിലാക്കി. 11 ഫോറുകളും ഒരു സിക്സറും ഈ വലംകെെയൻ പായിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 126 റണ്ണാണ് ചേർത്തത്. 2011നുശേഷം ഏഷ്യക്ക് പുറത്ത് ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം നൂറിലേറെ റൺ നേടുന്നത്.
ടെസ്റ്റിൽ വിദേശത്തെ ആദ്യ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന രോഹിതിനെ തകർപ്പൻ പന്തിലൂടെ ആൻഡേഴ്സൺ മടക്കി. പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രോഹിതിന്റെ കുറ്റി തെറിച്ചു. പിന്നാലെയെത്തിയ പൂജാരയും പിടിച്ചുനിന്നില്ല. ആൻഡേഴ്സന്റെ പന്തിൽ ജോണി ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയായിരുന്നു പൂജാരയുടെ മടക്കം. തുടക്കം വിയർത്ത രാഹുൽ പതിയെ താളം വീണ്ടെടുത്തു. ഏഴ് ബൗണ്ടറിയും ഒരു സിക്സറും പറത്തി. ക്യാപ്റ്റൻ വിരാട് കോഹ്—ലിയാണ് (14*) രാഹുലിന് കൂട്ട്. ഇന്ത്യൻ ടീമിൽ ശർദുൾ താക്കൂറിന് പകരം പേസർ ഇശാന്ത് ശർമ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിരയിൽ മൂന്ന് മാറ്റങ്ങളാണ്. ക്രിസ് വോക്സ്, മൊയീൻ അലി, ഹസീബ് ഹമീദ് എന്നിവർ ഇറങ്ങി.