തൃപ്പൂണിത്തുറ
തിരുവോണോത്സവത്തിന് തുടക്കംകുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയാഘോഷത്തിന് പതാക ഉയർന്നു. കോവിഡ് പശ്ചാത്തലത്തിൽ ഘോഷയാത്ര ഒഴിവാക്കി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂളിലെ അത്തം നഗറിൽ കെ ബാബു എംഎൽഎ പതാക ഉയർത്തി. നഗരസഭാ ചെയർപേഴ്സൻ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, കെ ടി സൈഗാൾ, ശ്രീലത മധുസൂദനൻ, യു കെ പീതാംബരൻ, പി കെ പീതാംബരൻ, കെ വി സാജു, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ നഗരസഭയുടെ ഫെയ്സ്ബുക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും പത്തുദിവസവും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. കണ്ണൻകുളങ്ങര വനിതാസമാജത്തിന്റെ തിരുവാതിരകളിയോടെ തുടക്കമായി. രാത്രി ഏഴിനാണ് ഓൺലൈൻ കലാപരിപാടികൾ.
പതിമൂന്നിന് അനുപമ മേനോന്റെ സോപാനലാസ്യം, 14ന് നീലംപേരൂർ സുരേഷ്കുമാറിന്റെ സംഗീതക്കച്ചേരി, 15ന് കഥകളി, 16ന് മ്യൂസിക്കൽ ഫ്യൂഷൻ, 17ന് ഓട്ടൻതുള്ളൽ, 18ന് തെയ്യം, 19ന് നാടൻപാട്ട്, 20ന് കരോക്കെ ഗാനമേള. thripunithura municipality എന്ന ഫെയ്സ്ബുക് പേജിലൂടെ കലാപരിപാടികൾ കാണാം.