തിരുവനന്തപുരം
സംസ്ഥാനത്തെ ആശുപത്രികളിൽ ഒപി, കാഷ്വാലിറ്റി വിഭാഗങ്ങളിൽ ഇനിമുതൽ സെക്യൂരിറ്റിയായി നിയമിക്കുക വിമുക്തഭടന്മാരെമാത്രം. വിമുക്ത ഭടന്മാരുടെ സൊസൈറ്റി, സംഘടന എന്നിവയിൽനിന്ന് ആശുപത്രി വികസന സമിതികളോ മാനേജ്മെന്റ് കമ്മിറ്റികളോ ആയിരിക്കണം ഇവരെ നിയമിക്കേണ്ടത്. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നതിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ എല്ലാ സൗകര്യവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒപി പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കും. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം അതുമായി ബന്ധപ്പെടുത്തും.
സെക്യൂരിറ്റി ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഒരു ഓഫീസർക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നൽകണം. പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.