കാഞ്ഞങ്ങാട് > കോടതിയിൽ കീഴടങ്ങിയ ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിങ് ഡയറക്ടറും മുസ്ലിംലീഗ് നേതാവുമായ ടി കെ പൂക്കോയ തങ്ങളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കുന്നതിന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഡിവൈഎസ്പി എം സുനിൽ കുമാറാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ഒമ്പതുമാസമായി ഒളിവിൽ കഴിയുകയായിരുന്ന പൂക്കോയ തങ്ങൾ ബുധനാഴ്ചയാണ് ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയത്. ജില്ലാ ജയിലിൽ റിമാൻഡിലാണ്. പരാതിക്കാർക്ക് നൽകിയ മുദ്രപ്പത്രത്തിലെ ഒപ്പു പരിശോധന, അനധികൃത പണമിടപാട് തുടങ്ങിയ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷകസംഘം പറഞ്ഞു. ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരവും ശേഖരിക്കും. നേപ്പാളിലേക്ക് കടക്കാൻ സഹായിച്ച മകൻ ഹാഷിമിനെതിരെയും കേസെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു ഇതുവരെ അന്വേഷണച്ചുമതല.