തിരുവനന്തപുരം > അശരണർക്കും ആലംബഹീനർക്കും കരുതലൊരുക്കാൻസർക്കാർ പ്രഖ്യാപിച്ച ‘വാതിൽപ്പടി സേവനം’ പദ്ധതി ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 തദ്ദേശസ്ഥാപനത്തിൽ ആദ്യഘട്ടം ആരംഭിച്ച് ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും ആലോചനാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആജീവനാന്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം ലഭ്യമാക്കാൻ അപേക്ഷ തയ്യാറാക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷനും അടിയന്തരാവശ്യത്തിനുള്ള മരുന്നുമെത്തിക്കൽ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭ്യമാക്കും. തുടർന്ന് മറ്റു സേവനങ്ങളും ഉൾപ്പെടുത്തും.
വാർഡംഗത്തിന്റെ അധ്യക്ഷതയിൽ ആശാ വർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധസേവന വളന്റിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സേവനം ആവശ്യമായവരുമായി ആശാ വർക്കർമാർ ബന്ധപ്പെടും. സേവനത്തിന് കമ്മിറ്റി അംഗങ്ങളെ വിളിക്കാം. അംഗങ്ങളുടെ ഫോൺ നമ്പരുള്ള കാർഡ് വിതരണംചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധസേവന വളന്റിയർമാരും ആശാവർക്കർമാരുടെ സഹായത്തിനുണ്ടാകും.
സന്നദ്ധ സേനാംഗങ്ങളെ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. എൻഎസ്എസ്, എൻസിസി വളന്റിയർമാരെ ഭാഗമാക്കാം. മരുന്നുകൾ ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. പ്രവർത്തന പുരോഗതി ജില്ലാ –-തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ നിരന്തരം അവലോകനംചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്തവർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ, ചലനപരിമിതിയുള്ളവർ എന്നിവർക്ക് പിന്തുണയായാണ് പദ്ധതി പ്രഖ്യാപിച്ചത്. യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ, ആർ ബിന്ദു, വീണാ ജോർജ്, എംഎൽഎമാരായ ഐ ബി സതീഷ്, മുഹമ്മദ് മുഹസിൻ, കെ വി സുമേഷ്, ജോബ് മൈക്കിൾ എന്നിവരും പങ്കെടുത്തു.