തൃശൂർ > കോടികളുടെ കുഴൽപ്പണക്കടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അന്വേഷകസംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും അനങ്ങാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി ഇറക്കിയ 41.4 കോടിരൂപയുടെ കുഴൽപ്പണക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിച്ച് പത്തുനാൾ പിന്നിട്ടു. കൊടകര കുഴൽപ്പണ കവർച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഹവാല ഇടപാടിന്റെ സമഗ്ര വിവരങ്ങൾ സഹിതം ആഗസ്ത് രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചത്. കേസന്വേഷണത്തിന്റെ തുടക്കത്തിൽ പ്രാഥമിക റിപ്പോർട്ടും ഇഡിക്ക് കൈമാറിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ ആക്ട് ) പ്രകാരം കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും ഇഡിയാണ്. കൊടകര കവർച്ചക്കേസ് അന്വേഷണത്തിനിടെയാണ് രാജ്യത്തിന്റെ സാമ്പദ്വ്യവസ്ഥ തകർക്കുംവിധമുള്ള കുഴൽപ്പണ ഇടപാട് അന്വേഷകസംഘം കണ്ടെത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളും ലഭ്യമായ എല്ലാ തെളിവുകളും ഇഡിക്കും ആദായനികുതി വകുപ്പിനും കൈമാറിയിരുന്നു. പണവിതരണത്തിന്റെ കൃത്യമായ ചാർട്ടും ഇഡിക്ക് നൽകി. ഹവാല ഏജന്റ് ധർമരാജനും ബിജെപി നേതാക്കളും നടത്തിയ ഫോൺ വിവരങ്ങളുടെയും ഒരേ സ്ഥലത്ത് സംഗമിച്ചതിന്റെയും ഡിജിറ്റൽ രേഖകളും സമർപ്പിച്ചിട്ടുണ്ട്. പല കേസുകളിലും സ്വമേധയാ കേസെടുക്കുന്ന ഇഡി, ഈ കേസിൽ ഉൾവലിഞ്ഞത് ബിജെപി ഉന്നതനേതാക്കളുടെ പങ്ക് പുറത്തുവന്നതോടെയാണെന്നാണ് ആക്ഷേപം.
കൊടകരയിലെ കുഴൽപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരും എപ്രിൽ 26ന് ഇഡിക്ക് പരാതി നൽകിയിരുന്നു. ഏപ്രിൽ 26ന് കൊച്ചി ഓഫീസിലേക്കും തുടർന്ന് ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കും പരാതി നൽകി. നടപടിയില്ലാത്തതിനാൽ ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇഡിയുടെ മറുപടിക്കായി മാറ്റിവച്ചിരിക്കയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് ജില്ലകളിലേക്കായി ബിജെപി കുഴൽപ്പണം ഇറക്കിയെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. ബംഗളൂരുവിലെ ബിജെപി കേന്ദ്രത്തിൽനിന്നാണ് പണം എത്തിയത്. മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ ഒമ്പതു ജില്ലകളിലെ ബിജെപി നേതാക്കൾക്ക് പണം കൈമാറി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരമാണ് ഹവാല ഏജന്റായ ധർമരാജൻ പണം വിതരണം ചെയ്തത്.