തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാൻ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഡോക്ടർമാർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രിപരാമർശിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസിൽ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്. പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തിരുത്താൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നൽകിയ മറുപടി തിരുത്തി. എന്നാൽ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതാണ് വിഷയത്തിലുണ്ടായ സാങ്കേതിക പിഴവെന്നാണ് വിശദീകരണം.
നിലവിൽ ഡോക്ടർമാർക്കെതിരേ രോഗികളിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നുമുണ്ടാകുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്. ഡോക്ടർമാർക്കെതിരെയും ആരോഗ്യപ്രവർത്തകർക്കെതിരെയും അതിക്രമം തടയാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നുമായിരുന്നു മന്ത്രിയുടെ വിവാദ മറുപടി
ഡോക്ടർമാർക്കെതിരേ അതിക്രമങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി മെഡിക്കൽ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നാലെയാണ് മറുപടി തിരുത്താനുള്ള നടപടിയിലേക്ക് ആരോഗ്യവകുപ്പ് നീങ്ങിയത്.
content highlights:violence against doctors, controversial statement will corrected says health ministers office