തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധ നിയമസഭ ചേർന്ന് പ്രതിപക്ഷം. ഡോളർ കടത്തുകേസിൽ പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെൽ മുഴക്കിയും സമയനിയന്ത്രണം ഓർമിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയഅവതരണം. പി.കെ. ബഷീർ എം.എൽ.എ. ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.
മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന സ്വർണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിരുന്നു. പി.ടി. തോമസ് എം.എൽ.എ. ആയിരുന്നു നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തിൽ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേർന്നത്.
എൻ. ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കർ ആയത്. തുടർന്ന് പി.ടി. തോമസ് അടയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു.ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തിൽ സഭയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
content highlights:opposition stages representative assembly session