ഇരിട്ടി > ആറളം പഞ്ചായത്ത് വീര്പ്പാട് വാര്ഡ് ഉപതെരഞ്ഞെപ്പില് എല്ഡിഎഫിന് ജയം. എല്ഡിഎഫ് സ്ഥാനാര്ഥി യു കെ സുധാകരന് 137 വോട്ടുകളുടെ ഭൂരിപക്ഷത്തില് കോണ്ഗ്രസിലെ സുരേന്ദ്രന് പാറക്കത്താഴത്തിനെയാണ തോല്പിച്ചത്. നിലവില് എല്ഡിഎഫ്: 9, യുഡിഎഫ് 8 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
പോള് ചെയ്ത 1097 വോട്ടുകളില് എല്ഡിഎഫിന് 608 വോട്ടുകള് ലഭിച്ചപ്പോള് യുഡിഎഫിന് 471 വോട്ട് കിട്ടി. ബിജെപി 11 വോട്ടില് ഒതുങ്ങി. സ്വതന്ത്രര്ക്ക് 7 വോട്ടുകളും ലഭിച്ചു.
നേരത്തെ 8 വോട്ടുകളുടെ ഭൂരിപക്ഷത്തില് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ബേബി ജോണ് പൈനാപ്പിള്ളില് ജയിച്ചുവെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുന്പെ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വളയം കല്ലുനിരയില് എല്ഡിഎഫ് നിലനിര്ത്തി
നാദാപുരം > ഉപതെരഞ്ഞെടുപ്പ് നടന്ന വളയം മൂന്നാം വാര്ഡില് കല്ലുനിരയില് എല്ഡിഎഫ് സ്ഥാനാര്ത്ഥി വിജയിച്ചു. സിപിഐ എമ്മിലെ കെ ടി ഷബിനയാണ് 196 വോട്ട് ഭൂരിപക്ഷത്തില് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്ത്ഥി കോണ്ഗ്രസിലെ ഇ കെ നിഷയാണ് ഷബിന പരാജയപ്പെടുത്തിയത്.
എല്ഡിഎഫ് നേതൃത്വത്തിലുള്ള വളയം പഞ്ചായത്തിലെ സിപിഐ എം ന്റെ സിറ്റിംഗ് സീറ്റാണ് മൂന്നാം വാര്ഡ്. ബിജെപി സ്ഥാനാര്ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില് എല്ഡിഎഫിലെ സി എച്ച് റീജയാണ് ഇവിടെ നിന്നും വിജയിച്ചത്. റീജയ്ക്ക് സര്ക്കാര് ജോലി ലഭിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. പഞ്ചായത്തില് എല്ഡിഎഫ് 10, യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.