ആലപ്പുഴ
കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്നസുരേഷിന്റെ മൊഴിയെന്ന പേരിൽ കസ്റ്റംസ് പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനും കേന്ദ്രത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് വിവിധ ഏജൻസികൾ സ്വർണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നത്. രാഷ്ട്രീയ വിരോധത്താലാണ് ഇവർ മൊഴിയെന്ന പേരിൽ പല വെളിപ്പെടുത്തലുകളും നടത്തുന്നത്. കേന്ദ്രത്തിനുവേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനമാണിത്.
സത്യത്തോട് ഒട്ടും നീതി പുലർത്താത്തതാണിത്. മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെയൊക്കെ പറയുന്നത് ഏജൻസികളുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ ഉദാഹരണമാണ്.സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടപ്പോഴാണ് കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. നിയമാനുസൃതമായാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയെങ്കിലും കേന്ദ്ര ഏജൻസികൾ സൃഷ്ടിച്ച പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല. സ്റ്റേ മാറ്റി അന്വേഷണം തുടരാനാകുമോയെന്ന് സർക്കാർ പരിശോധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.