ന്യൂഡൽഹി > ഗ്രാമനഗര വ്യത്യാസം കുറവായതും മുതിർന്ന പൗരരുടെ എണ്ണം കൂടുതലുള്ളതും കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമായെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുർജിത് കുമാർ സിങ് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൃഷിയിടം കുറവായത് പ്രകൃതിദത്ത പ്രതിരോധം ദുർബലമാക്കിയെന്നും അടുത്തിടെ സംസ്ഥാനം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ അദ്ദേഹം വിശദീകരിക്കുന്നു.
കേരളത്തില് 30 ശതമാനത്തോളം പേർക്ക് ജീവിതശൈലീ രോഗമുണ്ട്. പ്രമേഹമുള്ളവര്ക്ക് കോവിഡ് സാധ്യതയെറെ. മറ്റ് സംസ്ഥാനങ്ങളുമായും രാജ്യങ്ങളുമായും കേരളത്തിന് സമ്പർക്കം താരതമ്യേന കൂടുതല്. കേരളത്തില് രോഗം രണ്ടാമതും വരുന്നവരുടെ എണ്ണം ഉയരുന്നു. വാക്സിന് രണ്ട് ഡോസും എടുത്തവരിലും രോഗബാധ കാര്യമായ തോതിലുണ്ട്. പത്തനംതിട്ടയിൽ 5042 പേർ ഇത്തരത്തിലുണ്ട്. ഇതേക്കുറിച്ച് കൂടുതൽ ഗവേഷണം വേണം.
കേരളത്തിലെ രോഗികളില്‍ 90 ശതമാനത്തിനും ഹേതു ഡെൽറ്റ വൈറസ്. ഒരു രോഗിയിൽനിന്ന് 1.12 പേർക്ക് രോഗം ബാധിക്കുന്നു. ഓണാഘോഷവും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതും കരുതലോടെ വേണം. അടച്ചിടല് നടപടി തുടരണം– റിപ്പോർട്ടിൽ പറയുന്നു.