പാരിസ് > പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞു. ഫുട്ബോൾ മിശിഹയ്ക്ക് ആഘോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നാടായ പാരിസിൽ ഉയർപ്പ്. പാരിസ് നഗരത്തിലും റോയൽ മെൻക്യൂ ഹോട്ടലിലും ഒഴുകിയെത്തിയ ആരാധകർക്ക് നടുവിലൂടെ പാരിസ് സെയിന്റ് ജർമന്റെ മൈതാനമായ പാർക് ഡി പ്രിൻസസിലെത്തി മെസി പന്തുതട്ടി. വൈദ്യപരിശോധനകൾക്ക് ശേഷം ക്ലബ് ഉടമ നാസർ അൽ ഖലൈഫിയോടൊപ്പമിരുന്ന് താരം ഒദ്യോഗിക കരാറിൽ ഒപ്പുവെച്ചു. തുടർന്ന് പാരിസിലെ മെസിയുടെ ആദ്യ പത്രസമ്മേളനം. പിഎസ്ജിയുമായി എല്ലാ കിരീടങ്ങളും തനിക്ക് നേടണമെന്ന് മെസി പറഞ്ഞു.
പാരിസിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് താരം നന്ദി പറഞ്ഞു. തുടർന്ന് ആരധകർക്ക് മുന്നിലേക്ക്. പാർക് ഡി പ്രിൻസസിന് മുന്നിൽ ആർത്തിരമ്പിയ ആരാധകരെ സാക്ഷിയാക്കി നാസർ അൽ ഖലൈഫിയിൽ 30ാം നമ്പർ ജേഴ്സി ഏറ്റുവാങ്ങി. ഫ്രഞ്ച് ലീഗിൽ ബാക്കപ്പ് ഗോൾകീപ്പർമാരുടെതാണ് മുപ്പതാം നമ്പർ. ഒരിക്കലും മറ്റൊരു ക്ലബിന്റെ ജേഴ്സി അണിയേണ്ടിവരില്ലെന്ന് വിശ്വസിച്ച മെസി പ്രഫഷണല് കരിയര് ആരംഭിക്കുമ്പോൾ ഉപയോഗിച്ച 30ാം നമ്പര് തെരഞ്ഞെടുത്തപ്പോൾ മനസിൽ ഉറപ്പിച്ചതും അതുതന്നെയാകാം. ഒരു പുതിയ ജന്മം.
എന്തുകൊണ്ട് 30 നമ്പർ
ബാഴ്സയുടെ പത്താം നമ്പറിൽ ലോകം കീഴടക്കിയ ലെയണൽ മെസി പിഎസ്ജിയിൽ അണിയുക 30 നമ്പർ ജേഴ്സി. ഫ്രഞ്ച് ലീഗിൽ ബാക്കപ്പ് ഗോൾകീപ്പർമാരുടെതാണ് മുപ്പതാം നമ്പർ. എന്നാല് ആറ് ബാലൻദിയോർ നേടിയ മെസിയ്ക്ക് 30ാം നമ്പർ എന്നും ഓർക്കാൻ കൊതിയ്ക്കുന്ന ബാഴ്ലോണ കാലമാണ്. ഫ്രാങ്ക് റെയ്ക്കാര്ഡിന്റെ കീഴില് ബാഴ്സയുടെ സീനിയര് ടീമിനായി കളിച്ച ആദ്യ മത്സരത്തിൽ മെസി ധരിച്ചത് 30-ാംനമ്പര് ജേഴ്സിയായിരുന്നു. പിന്നീട് ബാഴ്സയിൽ 19-ാം നമ്പര് ജേഴ്സിയിലും 10-ാം നമ്പര് ജേഴ്സിയിലും കളിച്ചു. പിഎസ്ജിയുടെ ബാക്കപ്പ് ഗോൾകീപ്പർ അലക്സാൻഡ്രെ ലെറ്റെല്ലിയില് നിന്നാണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ 30ാം നമ്പർ ജേഴ്സി മെസിയിലെത്തിയത്.