തൃശ്ശൂർ: കരുവന്നൂരിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കിട്ടിയെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വലിയ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ടിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിൽ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്?, അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട്?, ആരൊക്കെയാണ് അതിന് ഉത്തരവാദികൾ?, എത്രകാലമായി ഇത് തുടങ്ങിയിട്ട് തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പരിശോധിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. ഉന്നത സമിതി ആദ്യ റിപ്പോർട്ട് ഇന്നലെ രാത്രി തന്നെ ഏൽപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രി അറിയിച്ചു.
തുടർ നടപടി പൂർണ്ണമായുള്ള റിപ്പോർട്ട് കിട്ടിയതിന് ശേഷം എടുക്കും. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾ പറയുന്നുണ്ടെന്നും പരിശോധിച്ച് ഇതിൽ വേണ്ട നടപടി ചെയ്യും. യു.ഡി.എഫ് ഭരണകാലത്തും എൽ.ഡി.എഫ് ഭരണകാലത്തും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നടപടിക്രമങ്ങൾ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടികളായിരിക്കും ഉണ്ടാവുക. 2010 മുതൽ ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ട്. 2013 -14-ലെ ഓഡിറ്റ് റിപ്പോർട്ടിൽ അടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വീഴ്ചകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
നിലവിൽ ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിട്ടതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. പാർട്ടി തല നടപടികളും സിപിഎം എടുത്തിട്ടുണ്ട്. തുടർ നടപടികൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: Minister VN Vasavan said that he got the report of the committee in Karuvannur Bank scam