തിരുവനന്തപുരം
സ്ത്രീധന ദുരാചാരത്തിനെതിരായ നിയമങ്ങളും ബോധവൽക്കരണവും ഉൾപ്പെടുത്തി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി എസ്ഇആർടി വിദഗ്ധ സമിതി രൂപീകരിക്കും. ജനുവരിക്ക് മുമ്പ് കരട് തയ്യാറാക്കും. ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ അഞ്ച് പദ്ധതിയും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പ്രഖ്യാപിച്ചു. സിലബസ് ലഘൂകരണം പരിശോധിക്കും. ഇന്ത്യൻ ഭരണഘടന, മതേതരത്വം, ലിംഗസമത്വം, കായികം, കാർഷിക മേഖല, തൊഴിലിന്റെ മഹത്വം, പ്രകൃതിദുരന്ത അതിജീവനം, മാലിന്യ നിർമാർജനം, ഊർജ സംരക്ഷണം, കുടിവെള്ള സംരക്ഷണം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാകും. അധ്യാപക തസ്തികയിൽ പിഎസ്സി അഡ്വൈസ് ലഭിച്ചവർക്ക് നിയമനശുപാർശ നൽകി. 3961 ഒഴിവ് പുതുതായി റിപ്പോർട്ട് ചെയ്തു. അയ്യൻകാളിയുടെ പേരിലുള്ള സ്കൂൾ ഏറ്റെടുക്കുന്നത് പരിശോധിക്കും. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാവുന്ന ജി സ്യൂട്ട് പ്ലാറ്റ്ഫോം 412 സ്കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാംചാനൽ ഈ മാസം സജ്ജമാകും. സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് കൈറ്റ് ഈവർഷം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടര ലക്ഷം
കുട്ടികൾകൂടി
രണ്ടര ലക്ഷം കുട്ടികൾ ഇ
ക്കൊല്ലം പൊതുവിദ്യാഭ്യാസത്തിലേക്ക് പുതുതായി വന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിൽ 27,983 കുട്ടികൾകൂടി. അൺ എയിഡഡ് മേഖലയിൽ 2.2 ലക്ഷം കുട്ടികൾ കുറഞ്ഞു.12 വർഷം സേവനം ചെയ്ത പ്രീപ്രൈമറി അധ്യാപകരുടെ സംരക്ഷണം പരിഗണിക്കും. രണ്ടാംവാല്യം പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. സ്കൂളുകൾ കഴിവതുംവേഗം തുറക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണിന് മോഡൽ പരീക്ഷ
സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് മോഡൽ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
ഒരാഴ്ചകൊണ്ട് പരീക്ഷ പൂർത്തിയാക്കാനുള്ള ഒരുക്കം പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ചു.