തിരുവനന്തപുരം
പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ പദ്ധതികളിൽ അഴിമതി നടത്തുന്നവർ ആരായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കില്ലെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
വികസന പദ്ധതികൾ താഴെത്തട്ടിലെ ആവശ്യങ്ങൾ പരിശോധിച്ചാണ് നടപ്പാക്കുക. ഇതിനായി ജനകീയ പിന്തുണയോടെ സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്യും. ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്തും.
ദേവസ്വം ബോർഡ് കോളേജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യും. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം മാത്രം ശമ്പള ഇനത്തിൽ 5740 കോടിരൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ വളരെ കുറച്ച് മാത്രമേ എസ്സി, എസ്ടി വിഭാഗങ്ങളിലെത്തിയിട്ടുള്ളു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണം. ഒരോ ആദിവാസിക്കും സ്ഥിരവരുമാനവും ജോലിയും എന്നതാണ് സർക്കാർ ലക്ഷ്യം. പിന്നോക്കക്ഷേമ വകുപ്പിന് ജില്ലകളിൽ ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.