തിരുവനന്തപുരം
അപകടകരമായ സാഹചര്യത്തിൽ തീരപ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്നവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. അടിക്കടി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെയാണ് ‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി മാറ്റിപ്പാർപ്പിക്കുന്നത്. മാറുന്നവരുടെ തീരത്തുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കുമെന്ന തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. അവിടെ ജൈവ കവചം വച്ചുപിടിപ്പിച്ച് ബഫർസോണായി സംരക്ഷിക്കും. 18,685 കുടുംബങ്ങളാണ് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നത്. ഇവരിൽ 7692 കുടുംബം മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചു. 1174 ഫ്ലാറ്റിന്റെ നിർമാണം പൂർത്തിയാകുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന പരിപാടിയുടെ ഭാഗമായി ഇവയുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിളിച്ച യോഗത്തിൽ യുഡിഎഫിലേതടക്കം ഒരു എംഎൽഎയും പരാതിപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.