ധാക്ക
ബംഗ്ലാദേശിനെതിരായ ട്വന്റി–20 പരമ്പരയിൽ ഓസ്ട്രേലിയക്ക് അപമാനകരമായ തോൽവി. അഞ്ചാംമത്സരത്തിൽ 62 റണ്ണിനാണ് ഓസീസുകാർ പുറത്തായത്. ട്വന്റി–20യിലെ അവരുടെ ഏറ്റവും മോശം സ്കോർ. 13.4 ഓവറിലാണ് പുറത്തായത്. 144 വർഷ ചരിത്രത്തിലെ ഏറ്റവും ദെെർഘ്യം കുറഞ്ഞ ഇന്നിങ്സ്. 60 റൺ ജയത്തോടെ പരമ്പര 4–1ന് ബംഗ്ലാദേശ് സ്വന്തമാക്കി.
നാല് വിക്കറ്റെടുത്ത ഷാക്കിബ് അൽ ഹസനാണ് ഓസീസിനെ തീർത്തുകളഞ്ഞത്. 3.4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ ഒമ്പത് റൺമാത്രം വഴങ്ങിയാണ് ഷാക്കിബ് ഈ പ്രകടനം നടത്തിയത്. 22 റണ്ണെടുത്ത ക്യാപ്റ്റൻ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറർ. 17 റണ്ണെടുത്ത ബെൻ മക്ഡെർമോട്ടാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ആകെ മൂന്ന് സിക്സറുകൾ മാത്രമായിരുന്നു ഓസീസ് ഇന്നിങ്സിൽ. ഫോറുണ്ടായില്ല. ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റണ്ണാണെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്-വെൽ എന്നിവരില്ലാതെയാണ് ഓസീസുകാർ പരമ്പര കളിച്ചത്.