പാരിസ്
കണ്ടത് മനോഹരം. ഇനി കാണാനുള്ളത് അതിമനോഹരം. പാരിസിൽ ഇനി മെസിയുഗം. നെയ്–മറും കിലിയൻ എംബാപ്പെയും അണിനിരക്കുന്ന പിഎസ്ജി മുന്നേറ്റത്തെ ഇനി ലയണൽ മെസി നയിക്കും. പാരിസിൽ മെസിയെ കാത്ത് ആരാധകക്കൂട്ടമുണ്ടായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ മെസി ആരാധകരോട് കെെവീശി. ഇന്ന് പകൽ 2.30ന് മെസി മാധ്യമങ്ങളെ കാണും.
രണ്ടുവർഷത്തേക്കാണ് മെസിയെ പിഎസ്ജി കൂടാരത്തിലെത്തിച്ചത്. ഒരു സീസൺകൂടി നീട്ടാമെന്നുള്ള ഉപാധിയുമുണ്ട്. ഒരുവർഷം 304 കോടിയോളം രൂപയാണ് പ്രതിഫലം. കുടുംബത്തിനൊപ്പം പാരിസിൽ എത്തിയ മെസി ആരോഗ്യപരിശോധനയ്ക്ക് വിധേയനായി. പിന്നാലെ കരാറും ഒപ്പിട്ടു. ആയിരങ്ങളാണ് വിമാനത്താവളത്തിലും പിഎസ്ജി ആസ്ഥാനത്തും മെസിയെ വരവേറ്റത്. തിങ്കളാഴ്ചമുതൽ മെസിയുടെ വരവ് പ്രതീക്ഷിച്ച് ആരാധകർ കാത്തിരിപ്പിലായിരുന്നു.
ഇരുപത്തൊന്നുവർഷത്തെ ബാഴ്സലോണ ജീവിതത്തോട് വിടപറഞ്ഞാണ് മുപ്പത്തിനാലുകാരൻ പിഎസ്ജിയിലേക്ക് എത്തുന്നത്. ബാഴ്സയിൽ തുടരാൻ മെസി ആഗ്രഹിച്ചെങ്കിലും സ്–പാനിഷ് ഫുട്ബോൾ ലീഗിലെ സാമ്പത്തികച്ചട്ടങ്ങൾ തിരിച്ചടിയാവുകയായിരുന്നു. ‘വീട്ടിലേക്ക് ഇനിയും മടങ്ങിയെത്തും’ എന്ന വാക്കുകളോടെ വിങ്ങിപ്പൊട്ടിയാണ് മെസി നൗകാമ്പിൽനിന്ന് പടിയിറങ്ങിയത്.
ബാഴ്സയ്ക്കായി 778 മത്സരങ്ങളിൽ 672 ഗോളും 35 കിരീടങ്ങളുമാണ് അർജന്റീനക്കാരൻ നേടിയത്. ആറുവട്ടം ലോകഫുട്ബോളറുമായി. കഴിഞ്ഞ സീസൺതൊട്ട് മെസിക്കുപിന്നാലെയുണ്ട് പിഎസ്ജി. മെസിയുടെ വരവോടെ പിഎസ്ജി ലോകഫുട്ബോളിലെ സ്വപ്നടീമായി. റയൽ മാഡ്രിഡിലെ ‘നക്ഷത്രക്കൂട്ടത്തെ’ അനുസ്മരിപ്പിക്കുംവിധമാണ് പാരിസ് ടീം. മുന്നേറ്റത്തിൽ മെസി–നെയ്–മർ–എംബാപ്പെ ത്രയം. മധ്യനിരയിൽ ഏഞ്ചൽ ഡി മരിയ, ജോർജിനോ വെെനാൽദം, മാർകോ വെറാറ്റി തുടങ്ങിയവർ. പ്രതിരോധത്തിൽ സെർജിയോ റാമോസ് എന്ന കരുത്തൻ. ഒപ്പം മാർകീന്വോസും അച്ഛ്റഫ് ഹക്കീമിയും. ഗോൾവല കാക്കാൻ ഇറ്റാലിയൻ വൻമതിൽ ജിയാൻല്യൂജി ദൊന്നരുമയും.
ഈ സീസണിലാണ് പിഎസ്ജി വമ്പൻ താരങ്ങളെ സംഘത്തിലെത്തിച്ചത്. മെസി, റാമോസ്, വെെനാൽദം, ദൊന്നരുമ എന്നിവരെ സൗജന്യ വിപണിയിൽനിന്നാണ് സ്വന്തമാക്കിയത്. 2011ൽ ഖത്തർ രാജകുമാരൻ ഏറ്റെടുത്തതോടെയാണ് പിഎസ്ജി ലോകശ്രദ്ധയാകർഷിച്ചത്. മെസിയുടെ വരവോടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണവർ.