തിരുവനന്തപുരം > സംസ്ഥാനത്ത് നടപ്പാക്കുന്ന നൂതന തൊഴിൽ പദ്ധതികൾ നിയമസഭയിൽ വ്യക്തമാക്കി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് തൊഴിൽ വകുപ്പിന്റെ നൂതന പദ്ധതികൾ മന്ത്രി ചൂണ്ടിക്കാട്ടിയത്. മുതിർന്ന പൗരന്മാർക്ക് ജീവനോപാധി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പ് ‘നവജീവൻ’ പദ്ധതി നടപ്പിലാക്കുന്നതായും സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള പൗരന്മാർക്ക് അനുയോജ്യമായ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ലളിതമായ വ്യവസ്ഥകളോടെ പലിശ രഹിത വായ്പ നൽകുന്നതാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ദാരിദ്ര്യരേഖക്ക് താഴെയുള്ള വിധവകൾ, 30 വയസ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ്ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, അംഗപരിമിതരായ വനിതകൾ, കിടപ്പിലായവരും നിത്യ രോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ തുടങ്ങിയവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപവരെ അനുവദിക്കുന്ന ‘ശരണ്യ’ പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് തൊഴിലിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പഠനത്തോടൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ‘കർമചാരി’ പദ്ധതി തൊഴിൽ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. 9,11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷം 25 ശനിയാഴ്ചകളിൽ രണ്ടു മണിക്കൂർ വീതം (ആദ്യ 50 മണിക്കൂർ) പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ അവസരങ്ങൾ നൽകുകയും വേതനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.
പരമ്പരാഗത മേഖലയിലും അതിഥി തൊഴിലാളി മേഖലയിലും അസംഘടിത മേഖലയിലും തോട്ടംതൊഴിലാളി മേഖലയിലും ഭിന്നശേഷിക്കാർക്കായും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രമുഖ ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ നൽകുന്ന ബോധവൽക്കരണ ക്ലാസ് ഉൾപ്പെടുത്തി കോവളം, വിഴിഞ്ഞം മേഖലയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവിധ തൊഴിലവസരങ്ങൾ, ടൂറിസം, മത്സ്യമേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികളാണ് സെന്ററിൽ ഉണ്ടാകുക എന്നും മന്ത്രി വ്യക്തമാക്കി.