മനാമ> ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബൂര്ജ് ഖലീഫയുടെ മുകളില് ചിത്രീകരിച്ച എമിറേറ്റ്സ് പരസ്യം സമൂഹ മാധ്യമങ്ങളില് വൈറലായി. 828 മീറ്റര് ഉയരമുള്ള ബുര്ജ് ഖലീഫയില് കയറി എമിറേറ്റ്സ് കാബിന് ക്ര്യൂ യൂനിഫോം ധരിച്ച മോഡല് ‘എമിറേറ്റ്സ് ലോകത്തിന്റെ നെറുകെയില്’ എന്ന സന്ദേശ ബോര്ഡുകള് കാണിക്കുന്നതാണ് പരസ്യം.
ഈ 30 സെക്കന്ഡ് പരസ്യം കാണികളെ സ്തബ്ധരാക്കി.
അതീവ സുരക്ഷയോടെ ചിത്രീകരിച്ച പരസ്യത്തില് എമിറേറ്റ്സ് ജീവനക്കാരിയായി വേഷമിടുന്നത് പ്രൊഫഷണല് സ്കൈ ഡൈവിംഗ് പരിശീലകയായ നിക്കോള് സ്മിത്ത് ലുഡ്വികാണ്. മോഡല് സന്ദേശ ബോര്ഡുകള് കാണിക്കുന്നതിനിടെ പൊടുന്നനെ ക്യാമറ പെട്ടെന്ന് പിന്നിലോട്ട് പോകുമ്പോള് ദുബായിലെ ആകാശപാതയുടെ മനോഹരമായ കാഴ്ചയില് മോഡല് യഥാര്ത്ഥത്തില് ബുര്ജ് ഖലീഫയുടെ ഏറ്റവും മുകളിലാണെന്ന് വ്യക്തമാകുന്നു.
യൂടുബില് പോസ്റ്റ് ചെയ്ത ഉടന് ലക്ഷകണക്കിന് പേര് വീഡിയോ കണ്ടു. മറ്റു സാമഹ്യ മാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പങ്കിട്ടു. അതേസമയം, എമിറേറ്റ്സ് പരസ്യം ബുര്ജ് ഖലീഫയില് എങ്ങനെ ചിത്രീകരിച്ചു എന്ന് ചിത്രീകരിക്കുന്ന ഒരു ഹ്രസ്വ ക്ലിപ്പും എമിറേറ്റ്സ് യൂടുബില് പങ്കിട്ടു. പച്ച സ്ക്രീനോ പ്രത്യേക ഇഫക്റ്റുകളോ ഇല്ലാതെയാണ് പരസ്യം ചിത്രീകരിച്ചതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
പരസ്യത്തിന്റെ ഷൂട്ടിംഗ് ഏകദേശം അഞ്ച് മണിക്കൂര് എടുത്തു. ഇതിനുപുറമെ, ബുര്ജ് ഖലീഫയുടെ ഏറ്റവും മുകളില് കയറിപറ്റാന് ഒരു മണിക്കൂര് 15 മിനിറ്റ് സമയവുമെടുത്തു.