ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയതായാണ് റിപ്പോർട്ട്.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളിക്കൊണ്ടാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്ന സമയത്ത് പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടിരുന്നു. ഈ സന്ദർഭത്തിൽ ബിജെപിയുടെ ഏതാനും എംപിമാർ സഭയിൽ ഇല്ലായിരുന്നു. തുടർന്ന് അവരോട് അടിയന്തരമായി എത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതാണ് പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ചയുടൻ പ്രധാനമന്ത്രി ഇക്കാര്യം ഉയർത്തി എംപിമാരെ ശാസിച്ചു. സഭയിൽ പരമാവധി ശ്രദ്ധയും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജരായിരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചോദ്യങ്ങൾ ഇല്ലെങ്കിലും സമ്മേളനം സമയത്ത് മുഴുവനും സഭയിലുണ്ടാകണമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ സഹമന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു.