തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻഹോക്കി ടീം അംഗമായ പി.ആർ.ശ്രീജേഷിനെ സംസ്ഥാന സർക്കാർ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. കായിക താരങ്ങൾക്ക് ഏറെ പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് കേരളം. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. അതാണ് സർക്കാരിന്റെ നയം. നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ സർക്കാർ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ശ്രീജേഷ് മെഡൽ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. കായിക താരങ്ങൾക്ക് വേണ്ട വിധത്തിലുള്ള എല്ലാ പ്രോത്സാഹനവും ചെയ്യുന്നുണ്ട്. ഒളിമ്പിക്സിന് പോയ മലയാളി താരങ്ങൾക്കെല്ലാം മുൻകൂറായി സാധനങ്ങളും മറ്റും വാങ്ങാൻ സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. മറ്റു സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്.
ഒരു സർക്കാരിന്റെ നയം തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗത്തിലാണ്. ശ്രീജേഷ് കേരള സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. അതുംകൂടി പരിഗണിക്കും. അദ്ദേഹത്തിന് ജോലി നൽകിയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് നമ്മൾ. ഒന്നും കൊടുത്തില്ലെന്ന് പറയുന്നത് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. അതിനോടൊന്നും പ്രതികരിക്കാനില്ല മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളൊക്കെ നേരത്തെ എടുത്ത തീരുമാനങ്ങളായത് കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പല കായിക താരങ്ങൾക്കും വീടും ജോലിയും നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കായിക താരങ്ങൾക്ക് ജോലി നൽകിയ സർക്കാരാണിത്. അറുനൂറോളം കായിക താരങ്ങൾക്ക് ഇതിനോടകം ജോലി നൽകിയിട്ടുണ്ട്. ഇതെല്ലാം മന്ത്രിസഭാ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങളാണെന്നും വി.അബ്ദുറഹിമാൻ വ്യക്തമാക്കി.
അതേ സമയം സംസ്ഥാന സർക്കാർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ വിമർശനമുന്നയിച്ച ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന് മറുപടി പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.