ഇംഗ്ലീഷിലെ ക്രിഞ്ച് (cringe) എന്ന പദത്തിന് “അയ്യേ, ഇതെന്തൊരു നാണക്കേട്” എന്ന ഒരു പ്രയോഗമുണ്ട്. പോപ് കള്‍ച്ചറില്‍ നിങ്ങളത് കേട്ടുകാണും. അതിന് കൃത്യമായി ഒരു മലയാളം വാക്ക് എനിക്ക് നല്‍കാനില്ല. പക്ഷേ, ‘വയലറ്റു പൂക്കളുടെ മരണം’ എന്ന ശ്രീപാര്‍വതിയുടെ നോവല്‍ ആ ആശയം വളരെ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.
ആൽഫ്രഡ് ഹിച്കോക്ക് സിനിമ ‘റിയര്‍ വിന്‍ഡോ’യെ അനുസ്‍മരിപ്പിക്കുന്ന ഒരു പശ്ചാത്തലം. അതില്‍ നിന്നും ഉരുത്തിരിയുന്ന സംഭവങ്ങള്‍, കുറ്റാന്വേഷണം. ഇതാണ് നോവലിന്‍റെ പ്രമേയം. ഈ അനുകരണങ്ങളുടെ ആകര്‍ഷകത്വം മാത്രമേ നോവലിനുള്ളൂ. മറ്റൊന്നും ഇതില്‍ പുതുതായിട്ടില്ല.
കാനിബാളിസവും കുറ്റാന്വേഷകയെ പിന്തുടരുന്ന വില്ലനും അയാളുടെ അട്ടഹാസങ്ങളും ഒരു പുരുഷന്മാരുടെ റേപ്പ് സ്റ്റിഗ്‍മയും ഒടുവില്‍ ഒരു ക്ലാസിക് ‘ആരാണ് ആ കുറ്റവാളി’ (whodunnit) ക്ലൈമാക്സിലെ നിനച്ചിരിക്കാത്ത കഥാപാത്രവും ഉള്‍പ്പെടെ ഒരു നൂറ് വര്‍ഷത്തെ കുറ്റാന്വേഷണം എഴുത്തിന് ഒരു ചളുക്കുംതട്ടാതെ വീണ്ടും എടുത്ത് അവതരിപ്പിക്കുകയാണ് നോവല്‍.
നോവലിനെ നയിക്കുന്നത് പ്രധാന കഥാപാത്രം അലീന ബെൻ ജോൺ ആണ്. അവള്‍ ഒരു അപകടത്തെ തുടര്‍ന്ന് വീല്‍ച്ചെയറിലായി. ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്ന അവള്‍, വീൽച്ചെയറിലിരുന്ന് കുറ്റന്വേഷണ സ്വപ്‍നങ്ങള്‍ കാണുന്നതാണ് പതിവ്.
അപകടത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് കയറാനെടുത്ത സാമര്‍ഥ്യം തന്നെ ഇടിച്ചുതെറിപ്പിച്ച വണ്ടിയോടിച്ചയാളെ കണ്ടെത്താന്‍ അവള്‍ ഉപയോഗിച്ചു. അയാളെ അവള്‍ക്കിഷ്‍ടമാണ്. പക്ഷേ, ഒരു ബന്ധവും ഒരുപരിധിക്കപ്പുറം വളരാന്‍ അവള്‍ അനുവദിക്കാറില്ല.
ജനാലയിലൂടെ നോക്കി ജീവിതം തുടരുന്ന അലീന, ഒരു ഹിച്കോക്ക് കഥാപാത്രത്തെപ്പോലെ തൊട്ടടുത്ത വീട്ടില്‍ ഒരു മരണത്തിന് സാക്ഷിയാകുന്നു. അത് അവള്‍ അന്വേഷിക്കാന്‍ തുടങ്ങുകയാണ്.
കൃത്രിമത്വം കൊണ്ട് നിറഞ്ഞിരിക്കുകയാണ് നോവലിലെ കഥാപാത്രങ്ങള്‍. അലീനയുടെ അയല്‍ക്കാരന്‍ പ്രൊഫസര്‍ക്ക് രാത്രികളില്‍ “ഓസ്‍കര്‍ വൈല്‍ഡും ഷെക്സ്പിയറും ചിലപ്പോള്‍ ഷെല്ലിയും കടമ്മനിട്ടയും ചുള്ളിക്കാടും” കവിതകള്‍ ഉറക്കെച്ചൊല്ലുന്നതാണ് ഹോബി.
അന്വേഷണത്തിന്‍റെ രസകരമായ വശങ്ങളിലൊന്ന് അഞ്ചാറ് ഫേസ്‍ബുക്ക് മെസേജുകളില്‍ നായികയ്ക്ക് താനൊരു വീല്‍ച്ചെയറിലിരുന്ന് ഒരു കുറ്റാന്വേഷണം നടത്തുകയാണെന്നും അതിന് സഹായിക്കണമെന്നും ഒരാളെ എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ പറ്റുമെന്നതാണ്.
അന്വേഷണം നടക്കുന്ന ഒരു കേസിലെ കൊല്ലപ്പെട്ടയാളുടെ ടെലഫോൺ റെക്കോഡുകള്‍ അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന് എളുപ്പം ചോര്‍ത്തിയെടുക്കാന്‍ പറ്റുമെന്നും അത് പ്രോജക്റ്റിന് വേണ്ടിയാണെന്ന് അലീന ഒരു കള്ളം പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ചോദ്യങ്ങളൊന്നുമില്ലാതെ ചെയ്‍തു കൊടുക്കാനും പറ്റുന്നരും ഈ നോവലിലുണ്ട്.
നായികയെ കുറ്റാന്വേഷണ ദൗത്യത്തില്‍ സംരക്ഷണം നല്‍കാന്‍ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെവരെ ഏര്‍പ്പാട് ചെയ്‍ത് കൊടുക്കുന്നുണ്ട് ഒരു കഥാപാത്രം. അവരുടെ ജോലി, രാത്രി വരുന്ന കൊലയാളി പിടികൂടുകയാണ്. അപ്പോഴും, അലീന വായനക്കാരോട് പറയുന്നത്, അവളുടെ അന്വേഷണത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലെന്നാണ്!
മറ്റൊരു സന്ദര്‍ഭത്തില്‍, കൊലചെയ്യപ്പെട്ടയാള്‍ അപകടത്തിന് മുൻപ് അലീനയ്ക്ക് ഒരു സമ്മാനം അലോഷിയെ ഏൽപ്പിക്കുന്നുണ്ട്. അലോഷി ഒരു നല്ലകുട്ടിയായി ആ സമ്മാനം സൂക്ഷിച്ചുവെക്കുകയാണ്, തുറന്നുപോലും നോക്കാതെ. അലോഷിയുടെ ആത്മവ്യാപരങ്ങള്‍ മൊത്തം നോവലില്‍ നിങ്ങള്‍ വായനക്കാര്‍ പരിശോധിക്കണം. എന്ത് മാത്രം വലിയ അബദ്ധമാണ് ഈ കൈമാറ്റം എന്ന് വ്യക്തമാകും.
ഇതിലൊന്നും കാര്യമായ വിനിമയങ്ങള്‍ ഒന്നും തന്നെയില്ല. കഥ മുന്നോട്ടുപോകണം എന്നതുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് തല്‍ക്കാലം സമ്മതിക്കുകയെ നിര്‍വാഹമുള്ളൂ.
ഒപ്പം സ്വന്തം ചാപല്യങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ഇരയാണ് നായിക അലീന. ഓര അധ്യായത്തിലും അവള്‍ തന്നെ സ്വയം ഓര്‍മ്മിപ്പിക്കുന്നു, “ഷെര്‍ലക് ഹോംസിനെ ഇഷ്ടപ്പെടുന്ന മൈൻഡ് ഹണ്ടര്‍ സീരീസ് ഇഷ്ടപ്പെടുന്ന ഇരുണ്ടതും അജ്ഞാതവുമായ വഴികളിഷ്ടപ്പെടുന്ന ഒരുവള്‍” പക്ഷേ, പ്രണയത്തിന്‍റെയും അനുകമ്പയുടെയും സകലവാതിലുകളിലും അവള്‍ മുട്ടുന്നുമുണ്ട്, ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഇത് കഥാപാത്രത്തിന്‍റെ സൃഷ്‍ടിയിലുള്ളതാണോ അതോ എഴുത്തുകാരി ഇടയ്ക്കിടെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതാണോ എന്നുപോലും ചിലപ്പോള്‍ മനസിലാകാത്ത വിധം ഇടകലരുന്നു.
കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ഇരിക്കുന്ന പെൺകുട്ടിയുടെ ഫിസോയോ തെറപ്പിസ്റ്റ് പൊട്ടിക്കരയുന്ന ഒര രംഗം നോവലിലുണ്ട്. അയാള്‍ ചെയ്‍ത കുറ്റം, മരണത്തിന് ദൃക്സാക്ഷിയായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍ ഒരു തോന്നല്‍ ആണോ എന്ന സംശയത്തില്‍, മുൻപെ ചികിത്സിച്ചിരുന്ന സൈക്കാട്രിസ്റ്റിനെ കാണിക്കാന്‍ കൊണ്ടുപോയതാണ്. ‘സര്‍വനിയന്ത്രണങ്ങളുമറ്റ് ഫിസോയെ തെറപ്പിസ്റ്റ് കരഞ്ഞു’ എന്നാണ് വരി!
അവസാന ആക്റ്റിലേക്ക് കടക്കുമ്പോള്‍ നോവല്‍ തകര്‍ന്നടിയുകയാണ്. പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന രംഗ സജ്ജീകരണം, യാതൊരു യുക്തിയുമില്ലാത്ത കുറേയധികം വാചകങ്ങള്‍, സംഭാഷണങ്ങള്‍, എഴുത്തുകാരിയെ മാത്രം ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ — ഇതില്‍ കൊലയാളി ഉപയോഗിച്ച ആഴ്‍സെനിക് എന്ന അധികമാര്‍ക്കും കിട്ടാനില്ലാത്ത വിഷം പ്രൊഫസര്‍ പഠിപ്പിക്കുന്ന അതേ കോളേജിലെ ലാബില്‍ നിന്നാണ് സംഘടിപ്പിക്കുന്നത്. ആഴ്‍സെനിക്ക് ആണ് പ്രൊഫസര്‍ കഴിച്ചതെന്ന് നാട്ടുകാരെല്ലാം അറിഞ്ഞ സന്ദര്‍ഭത്തിലും കഥാപാത്രങ്ങള്‍ക്ക് അതൊരു വിഷയമേയല്ല.
പെഡോഫൈല്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു കഥാപാത്രം റേപ്പ് ചെയ്‍തതായി സ്ഥാപിക്കുന്നവര്‍ 21 വയസ്സുള്ള കോളേജ് വിദ്യാര്‍ഥികളാണ്. പൊതുവെ പെഡോഫീലിക്ക് എന്ന് വിശേഷിപ്പിക്കുന്ന പ്രായ, വര്‍ഗ വിഭജനങ്ങളെക്കുറിച്ചുപോലും നോവലിസ്റ്റിന് ധാരണയില്ല. അലങ്കാരങ്ങള്‍ക്കൊപ്പം അത് കൂടെ ചേര്‍ക്കുകയാണ്.
രസകരമായ ഒരു സന്ദര്‍ഭം, അലീനയെ പ്രണയിക്കുന്ന അലൻ അവള്‍ വായിച്ച അത്രയും അയാള്‍ വായിച്ചിട്ടില്ലെന്നാണ് ദയനീയമായി പറയുന്നത്. അലീന വായിക്കുന്ന അപസര്‍പ്പക നോവലുകളാണ്, അലന്‍റെ വായന, സാക്ഷാല്‍ മാര്‍ക് ട്വയിനിന്‍റെ അഡ്വഞ്ചേഴ്‍സ് ഓഫ് ടോം സോയറും. അലീനയെ അലന്‍ കളിയാക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ചുരുക്കം: ഒരു ഡിസ്പോസബിള്‍ നോവലാണ് ശ്രീപാര്‍വതിയുടെ ‘വയലറ്റു പൂക്കളുടെ മരണം’. അപസര്‍പ്പക സാഹിത്യത്തില്‍ പുതുതായി യാതൊരു മൂല്യവും നല്‍കാനില്ലാത്ത ഒരു പള്‍പ് സൃഷ്‍ടി.
****
(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ എഴുതാം – abhijith.vm@timesinternet.in)