തിരുവനന്തപുരം: കോവിഡ് കാലത്ത് പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ ത്യാഗ പൂർണമായ സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ പോലീസ് അതിക്രമത്തിനെതിരേ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ദിവസവും പോലീസിനെതിരേ പ്രതിപക്ഷം നുണ പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുകയാണ്. പോലീസിന്റെ ത്യാഗപൂർണമായ പ്രവർത്തനത്തെ നിസാരവത്കരിക്കരുത്. താത്കാലികമായ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം സേവനങ്ങളെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും തയ്യാറാകരുത്. ഇത്തരത്തിലുള്ള പ്രചാര വേലകൾ സംഘടിപ്പിക്കുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം സ്വയം വിമർശനപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ ക്രമസമാധാനാം ഉറപ്പാക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
അതേസമയം പോലീസ് നടത്തിയ തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആദിവാസി ഊരിൽ നടന്നത് വാദിയെ പ്രതിയാക്കി മാറ്റിയ സംഭവമാണ്. സംസ്ഥാന സർക്കാർ പോലീസിനെ കയറൂരിവിട്ട് എന്തുംചെയ്യാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതെന്നും വിഡി സതീശൻ വ്യക്തമാക്കി.
പോലീസ് എന്തെഴുതിതന്നാലും വായിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും പിതൃതർപ്പണത്തിന് പോകുന്നവരോട് വരെ പിഴ വാങ്ങിക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിച്ചു. പോലീസിന് പ്രാന്ത് പിടിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ പോലീസിന് ഒരു തരത്തിലുള്ള ഭ്രാന്തും പിടിച്ചിട്ടില്ലെന്നും സമചിത്തതയോടെയാണ് പോലീസ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
content highlights:attappadi police issue, CM pinarayi vijyans reply to opposition