ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സിനാണ് എറണാകുളം മേഖലയിൽ വിതരണം ചെയ്യുക. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള തിരുവനന്തപുരത്ത് 95,000 ഡോസ് കൊവിഷീൽഡ് വാക്സിനും 75,000 ഡോസ് കൊവാക്സിനും വിതരണം ചെയ്യും. കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സീനാണ് എത്തുക.
വാക്സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഇന്ന് വാകിസിൻ വിതരണം നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഡോസ് തിരുവനന്തപുരം മേഖലയിൽ എത്തിയാലും മറ്റ് ജില്ലകളിൽ വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. മറ്റ് ജില്ലകളിൽ ഇന്നത്തോടെ അവശേഷിക്കുന്ന വാക്സിനും തീരുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് തിങ്കളാഴ്ച പറഞ്ഞിരുന്നു. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണ് ഇനി സ്റ്റോക്കുള്ളതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പതിനൊന്നാം തീയതിയാണ് വാക്‌സിന്‍ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താൻ ചേർന്ന ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗമാണ് സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് വിലയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.