യുനാൻ> ഒരുവര്ഷത്തെ ദേശാടനത്തിനുശേഷം ചൈനയിലെ ആനക്കൂട്ടം യുനാന് പ്രവിശ്യയിലേക്ക് തിരികെ നടക്കുന്നു. 2020 മാര്ച്ചില് ചൈന–– മ്യാന്മര് അതിര്ത്തിയിലുള്ള ഷിസുവാന്ബന്നയിലെ സംരക്ഷിത വനമേഖലയില്നിന്ന് വടക്കോട്ട് നടന്നുതുടങ്ങിയ 16 ആനകളില് 14 എണ്ണമാണ് ഇപ്പോള് തിരികെ പോകുന്നതായി ചൈനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നേരത്തെ ഇക്കൂട്ടത്തില്നിന്ന് വേര്പിരിഞ്ഞുപോയ ഒരു കൊമ്പനെയും കാലിന് പരിക്കേറ്റ കുട്ടിയാനയെയും അധികൃതര് ഷിസുവാന്ബന്നയിലേക്ക് തിരികെ എത്തിച്ചിരുന്നു.
ആയിരത്തോളം കിലോമീറ്റർ പിന്നിട്ടുള്ള ആനകളുടെ യാത്രയും അവര്ക്കായി ചൈനീസ് അധികൃതര് ഒരുക്കിനല്കിയ സംവിധാനങ്ങളും ആഗോളശ്രദ്ധ ആകര്ഷിച്ചിരുന്നു.
വീടുകളില്നിന്നും കൃഷിയിടങ്ങളില് നിന്നുമൊക്കെ ആവശ്യമുള്ളതൊക്കെ അകത്താക്കി പോകുകയും തിരക്കേറിയ ഹൈവേകള് മുറിച്ചുകടക്കുകയും വഴിയരികില് കൂടിക്കിടന്ന് ഉറങ്ങുകയുമൊക്കെ ചെയ്യുമ്പോഴും ആനകൾ ഇതുവരെ മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ഉപദ്രവിച്ചതായി റിപ്പോര്ട്ടില്ല.
യുനാന് പ്രവിശ്യയുടെ തലസ്ഥാനമായ കുമിങ്ങിന്റെ പരിസരത്താണ് ഇപ്പോള് ആനക്കൂട്ടം. വന്യജീവി സങ്കേതത്തിലേക്ക് വഴിയൊരുക്കിയും ആനകള്ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ചും അധികൃതരും ഒപ്പമുണ്ട്.