കോഴിക്കോട്
പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച പാണക്കാട് മുഈൻ അലിക്കെതിരെ നടപടിയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം. അടുത്ത ദിവസം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളെ കാര്യങ്ങൾ ധരിപ്പിക്കും. മുഈൻ അലിക്കെതിരെ നടപടിയുണ്ടായാൽ ഭൂകമ്പമുണ്ടാകും എന്നതൊക്കെ മാധ്യമ പ്രചാരണമാണ്. അദ്ദേഹം ചെയ്തത് തെറ്റാണ്. ചന്ദ്രികയിൽ ഒരുമാസത്തെ ചുമതലയാണ് പാർടി ഏൽപ്പിച്ചത്. അതിനപ്പുറം ചന്ദ്രികയുടെ മുഴുവൻ കാര്യവും പറയാൻ അർഹനല്ല. ഹൈദരലി തങ്ങൾ രോഗിയായത് ഇഡി ചോദ്യംചെയ്തതിനാലാണെന്ന് പറഞ്ഞതും കള്ളമാണ്. രോഗകാരണം അതല്ല.
ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരായി ചർച്ച നടന്നെന്ന വാർത്തകൾ ശരിയല്ല. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച ഉപസമിതിയോഗം അടുത്തയാഴ്ച കോഴിക്കോട്ട് ചേരും. നേതൃമാറ്റമുൾപ്പെടെ എല്ലാവിഷയവും യോഗത്തിൽ ചർച്ചയാകുമെന്നും സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.