കോഴിക്കോട്
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങളെ തെറിവിളിച്ചതിന് സസ്പെൻഡ് ചെയ്തെന്ന് പ്രഖ്യാപിച്ച റാഫി പുതിയകടവ് പാർടി അംഗമല്ല. അംഗത്വമില്ലാത്തയാൾക്കെതിരെ ഉന്നതാധികാരസമിതി ചേർന്ന് നടപടിയെടുത്തത് പ്രഹസനമാണെന്ന് സൂചിപ്പിച്ച് ലീഗിലെ ഒരുവിഭാഗം രംഗത്തെത്തി.
ഇതോടെ ലീഗ് ഒരു പ്രത്യേകതരം പാർടിയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശം എടുത്തുകാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളന്മാരും സജീവമാണ്. റാഫി ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥിരം സാന്നിധ്യമാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും. അംഗം കൂടിയല്ലാത്തയാൾക്ക് ലീഗ് ഹൗസിലെ സ്വാധീനം ചർച്ചയാകാതിരിക്കാനാണ് അച്ചടക്കനടപടി പ്രഖ്യാപിച്ചതെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്.
ലീഗ് അംഗമല്ലാത്ത
പ്രവർത്തകനെന്ന് റാഫി
കുറച്ചുകാലമായി ലീഗിൽ അംഗത്വമോ സ്ഥാനങ്ങളോ ഇല്ലെന്ന് റാഫി പുതിയകടവ് പറഞ്ഞു. പാർടി പ്രവർത്തകനാണ്. എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും സിറ്റി സെക്രട്ടറിയായിരുന്നു. ലീഗിന്റെ മത്സ്യത്തൊഴിലാളി കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും. ഇപ്പോൾ ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ്.
അംഗമെന്ന്
പി എം എ സലാം
റാഫി കോഴിക്കോട് കോർപറേഷൻ 66–-ാം ഡിവിഷൻ ലീഗ് അംഗമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അവകാശപ്പെട്ടു. ഇതുസംബന്ധിച്ച് റാഫി പറഞ്ഞത് അറിയില്ല.