ന്യൂഡൽഹി
ജാർഖണ്ഡിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദി (50)നെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ടിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. മുദ്രവച്ച കവറിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. വ്യക്തമായ വിവരമാണ് വേണ്ടത്. സംഭവത്തിന്റെ കാരണമോ പ്രേരണയോ അങ്ങനെ ഒന്നും റിപ്പോർട്ടിൽ ഇല്ല–- സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്ത് ന്യായാധിപരും അഭിഭാഷകരും ഭീകരമായി വേട്ടയാടപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കാനാണ് ഈ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതെന്ന് ജസ്റ്റിസുമാരായ വിനീത് സരൺ, സൂര്യകാന്ത് എന്നിവരും അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ പ്രതിവാര പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സിബിഐയോട് നിർദേശിച്ചു. ന്യായാധിപന്മാർ ഭീഷണി നേരിടുന്ന സന്ദർഭങ്ങളിൽപ്പോലും സിബിഐ സഹായിക്കുന്നില്ലെന്ന്, കഴിഞ്ഞതവണ കേസ് പരിഗണിക്കവെ കോടതി തുറന്നടിച്ചിരുന്നു.