കൊച്ചി
നാടാർ ക്രിസ്ത്യൻ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാന സർക്കാരിന് അതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി.
2018ലെ ഭരണഘടനാ ഭേദഗതിക്കുശേഷം കേന്ദ്ര പിന്നോക്ക വിഭാഗ കമീഷനുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് പിന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഈ പട്ടിക പ്രസിദ്ധീകരിക്കുംവരെ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും വിജ്ഞാപനം ചെയ്ത പട്ടിക സാധുവായിരിക്കുമെന്ന് സുപ്രീംകോടതി മറാത്ത കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ് മരവിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധികസംവരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സിഎസ്ഐ നാടാർ വിഭാഗത്തിന് പുറത്തുള്ള നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ കേന്ദ്രപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രിൽ നാലിന് ഇറക്കിയിട്ടുണ്ട്. സംസ്ഥാന പിന്നോക്ക കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ശുപാർശയിൽ സർവീസ് ചട്ടത്തിലും ഭേദഗതി വരുത്തി. ക്രിസ്ത്യൻ വിഭാഗങ്ങളെ നാടാർ സംവരണ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ഹിന്ദു സേവാകേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.