ന്യൂഡല്ഹി> രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന 15 ആവശ്യങ്ങള് ഉയര്ത്തി സെപ്തംബറില് രാജ്യവ്യാപകമായി പ്രതിഷേധ, പ്രക്ഷോഭ പരിപാടികള് സംഘടിപ്പിക്കാന് പാര്ടി ഘടകങ്ങളോട് മൂന്ന് ദിവസമായി ചേര്ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ഓരോ പ്രദേശത്തെയും കോവിഡ് മഹാമാരി, ലോക്ക്ഡൗണ് സ്ഥിതിഗതികളുടെ അടിസ്ഥാനത്തില് പ്രക്ഷോഭപരിപാടികള് ആസൂത്രണം ചെയ്യുമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനങ്ങള് വിശദീകരിച്ച് പാര്ടി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വാര്ത്തസമ്മേളനത്തില് പറഞ്ഞു.
പ്രക്ഷോഭത്തിന്റെ വിശദാംശങ്ങള് അതത് സംസ്ഥാനകമ്മിറ്റികള് തീരുമാനിക്കും.
പ്രക്ഷോഭത്തിനു ആധാരമായ ആവശ്യങ്ങള്:
1. ആഗോളതലത്തില് വാക്സിന് സംഭരിച്ച് എല്ലാവര്ക്കും സൗജന്യമായി നല്കുക; കോവിഡ് ബാധിച്ച് മരിച്ച എല്ലാവരുടെയും കുടുംബങ്ങള്ക്ക് മതിയായ നഷ്ടപരിഹാരം നല്കുക; പൊതുജനാരോഗ്യ സംവിധാനം വിപുലമാക്കുക.
2. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്ക്കും പ്രതിമാസം 7,500 രൂപ വീതം നല്കുക.
3. നിത്യോപയോഗ സാധനങ്ങള് അടങ്ങുന്ന സൗജന്യ ഭക്ഷ്യകിറ്റുകള് ആവശ്യക്കാരായ എല്ലാവര്ക്കും നല്കുക.
4. എല്ലാ പെട്രോളിയം ഉല്പന്നങ്ങളുടെയും എക്സൈസ് തീരുവ പിന്വലിക്കുക; പണപ്പെരുപ്പം നിയന്ത്രിക്കുക.
5. കാര്ഷികനിയമങ്ങള് പിന്വലിക്കുക, മതിയായ മിനിമം താങ്ങുവില നിയമപരമായി നടപ്പാക്കുക
6. പൊതുമേഖലയുടെ സ്വകാര്യവല്ക്കരണവും തൊഴില്കോഡുകളും പിന്വലിക്കുക.
7. പണിമുടക്കാനും വേതനത്തിനായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക.
8. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങള്ക്ക് വായ്പകള്ക്ക് ഉപരിയായി സാമ്പത്തിക ഉത്തേജന പാക്കേജ്
പ്രഖ്യാപിക്കുക.
9. വര്ഷം 200 തൊഴില്ദിനങ്ങളോടെ നിലവിലെ വേതനം ഇരട്ടിയാക്കി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക.
10. നഗരപ്രദേശങ്ങള്ക്കായി തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിക്കുക.
11. തൊഴിലവസരങ്ങളും ജനങ്ങളുടെ വാങ്ങല്ശേഷിയും വര്ധിപ്പിക്കാന് സാമൂഹ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികള് നടപ്പാക്കുക, സര്ക്കാര് സര്വീസിലെ ഒഴിവുകള് നികത്തുക.
12. വിദ്യാഭ്യാസസ്ഥാപനങ്ങള് എത്രയും വേഗത്തില് തുറക്കാന് അധ്യാപകര്ക്കും ഇതര ജീവനക്കാര്ക്കും വിദ്യാര്ഥികള്ക്കും വാക്സിനേഷനില് മുന്ഗണന നല്കുക.
13. പെഗാസസ് ചാരവൃത്തിയില് സുപ്രീംകോടതി മേല്നോട്ടത്തില് ജുഡീഷ്യല് അന്വേഷണം നടത്തുക.
14. റഫേല് യുദ്ധവിമാന ഇടപാടില് ഉന്നതതല അന്വേഷണം നടത്തുക.
15. ഭീമ കൊറഗാവ് കേസിലും പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലും യുഎപിഎ ചുമത്തപ്പെട്ട് ജയിലില് കഴിയുന്നവര് അടക്കം എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക.
ഈ ആവശ്യങ്ങളുടെ അടിസ്ഥാനത്തില് പ്രക്ഷോഭത്തില് പങ്കെടുക്കാന് തയ്യാറാകുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം അണിനിരത്തും. ക്വിറ്റ് ഇന്ത്യ ദിനത്തില് സംയുക്ത കിസാന് മോര്ച്ച ആഹ്വാനം ചെയ്ത പ്രതിഷേധപരിപാടിക്ക് കേന്ദ്ര കമ്മിറ്റി പൂര്ണപിന്തുണ പ്രഖ്യാപിച്ചു.