ദുബായ്> ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി താരം പി ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീർ
ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. ടോക്യോയിൽ ജർമ്മനിക്കെതിരായ വെങ്കല മെഡൽ വിജയത്തിൽ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം.
ബിസിസിഐ അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദനമർപ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.
അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിപിഎസ് ഹെൽത്ത്കെയർ പ്രതിനിധികൾ പാരിതോഷികം കൈമാറും.