ന്യൂഡൽഹി: സൂര്യനെല്ലി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധർമ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
പൂജപ്പുര സെൻട്രൽ ജയിലിലാണ് ധർമ്മരാജനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ധർമ്മരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുധീർ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധർമ്മരാജൻ നിലവിൽ പത്ത് വർഷവും 9 മാസവും ജയിലിൽ കഴിഞ്ഞതായും സുധീർ ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധർമ്മരാജന് പരോളിന് അർഹതയില്ല. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകരായ ജി പ്രകാശ്, എം എൽ ജിഷ്ണു എന്നിവരും വാദിച്ചു.
പൂജപ്പുര ജയിലിൽ 701 തടവുകാരാണുള്ളത്. ജയിലിൽ കോവിഡ് വ്യാപന സാഹചര്യമില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കോവിഡ് കേസ് പോലും ജയിലിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഭിഭാഷകർ വാദിച്ചു. കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജയിൽ ചട്ടങ്ങൾ പ്രകാരം പരോളിന് അർഹതയില്ലെന്നും സർക്കാർ അഭിഭാഷകർ കോടതിയെ അറിയിച്ചു.
ധർമ്മരാജൻ ചെയ്തത് നിന്ദ്യമായ ക്രൂരകൃത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഹൈക്കോടതി ശരിവച്ച ശിക്ഷയ്ക്ക് എതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. ഇതിനോടകം പത്ത് വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Content Highlights: Suryanelli case main accused Dharmarajan gets bail